മലപ്പുറം. പുളിക്കലിൽ നിർത്തിയിട്ട ബസ് ,പെയിൻറ് റിമൂവർ ഉപയോഗിച്ച് നശിപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ. വിഥുൻ, അമൽ രാകേഷ് എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ബസ്സുകൾ തമ്മിൽ ഉരസിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഈ മാസം ഏഴിന് പുലർച്ചെയായിരുന്നു സംഭവം.
പുലർച്ചെ രണ്ടു മണിയോടെ കണ്ണം വെട്ടിക്കാവ് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ത്രീസ്റ്റാർ ബസ് പെയിൻറ് റിമൂവർ ഉപയോഗിച്ച് നശിപ്പിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ. ബൈക്കിൽ എത്തിയ രണ്ടു പേർ പുതിയ പെയിന്റടിച്ച ബസ് പൂർണ്ണമായും നശിപ്പിച്ച് കടന്നു കളഞ്ഞു. കൊണ്ടോട്ടി പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിലാണ് വിഥുൻ അമൽ രാകേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഒരു മാസം മുൻപ് രാമനാട്ടുകരയിൽ വച്ച് മറ്റൊരു റൂട്ടിലോടുന്ന ബസ്സും ത്രീസ്റ്റാർ ബസും ഉരസി ചെറിയ അപകടമുണ്ടായിരുന്നു. പക്ഷേ ഈ പ്രശ്നം രമ്യമായി പരിഹരിച്ചിട്ടുണ്ടായിരുന്നു എന്നാണ് പോലീസിനു വിവര ലഭിച്ചത്. എന്നാൽ പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആക്രമണത്തിന് എത്തിയ ബൈക്ക് രാമനാട്ടുകര സംഭവത്തിലെ എതിർകക്ഷിയായ ബസ്സുടമയുടെ വീടിനു സമീപം എത്തിയതായി കണ്ടെത്തി. ഇതാണ് തുമ്പായി മാറിയത്. രാമനാട്ടുകരയിലെ ബസ് ഉരസലിൽ കാര്യമായ നാശനഷ്ടം ഉണ്ടായിരുന്നില്ല. പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്നാം പ്രതിയായ രാജേഷിന്റെ മനസ്സിൽ അടങ്ങാതെ കിടന്ന പ്രതികാരമാണ് ബസ് പെയിൻ്റ് നശിപ്പിക്കാൻ കാരണം. രാകേഷിന്റെ പ്രേരണയിൽ മറ്റു രണ്ടുപേർ ബൈക്കിലെത്തി കൃത്യം ചെയ്യുകയായിരുന്നു. പ്രതികളെ സംഭവം സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.