തിരുവനന്തപുരം. നാളെ നടക്കുന്ന സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുക്കുന്ന സിപിഐ അനുകൂല സംഘടനയായ ജോയിൻ്റ് കൗൺസിലിനെ പരിഹസിച്ച് സിപിഐഎം സർവീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ.
അന്തി ചന്തക്കു പോലും ആളില്ലാത്ത സംഘടനകളാണ് സമരം നടത്തുന്നതെന്നായിരുന്നു പരിഹാസം. അന്തി ചന്തയ്ക്ക് ആളുണ്ടോ ഇല്ലയോ എന്ന് നാളെ അറിയാം എന്നായിരുന്നു ജോയിൻ കൗൺസിലിന്റെ മറുപടി. ജോയിൻ കൗൺസിനൊപ്പം പ്രതിപക്ഷ സംഘടനകൾ കൂടി പണിമുടക്ക് പ്രഖ്യാപിച്ചതോടെ നാളെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടും.
നാളെയാണ് ജോയിൻറ് കൌൺസിലിന് കീഴിലുളള സർവീസ് സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈമാസം 3ന് തന്നെ പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ശമ്പളപരിഷ്കരണ- ഡി.എ കുടിശിക അനുവദിക്കുക തുടങ്ങിയ
ആവശ്യങ്ങൾ ഉന്നയിച്ച് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു .എന്നാൽ ഡയസ്നോൺ പ്രഖ്യാപിച്ചതല്ലാതെ സമരസംഘടനകളെ
ചർച്ചക്ക് വിളിക്കാൻ സർക്കാർ തയാറായില്ല. ഭരണ മുന്നണിയിലെ കക്ഷിയുടെ സർവീസ് സംഘടന തന്നെ സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ചതോടെയാണ് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പരിഹസിച്ച് നോട്ടീസ് ഇറക്കിയത്. ആളില്ല സംഘടനകളാണ് സമരം നടത്തുന്നതെന്നും, ചില അതി വിപ്ലവ കാരികൾ കൊങ്ങി _ സംഘികൾക്കൊപ്പം തോളിൽ കൈയിട്ട് സമരം നടത്തുന്നുവെന്നുമാണ് പരിഹാസം. ജീവനക്കാർക്ക് നൽകാനായി ഇറക്കിയ നോട്ടീസിൽ ആണ് ആക്ഷേപം.
സി.പി.ഐ സർവീസ് സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ച നാളെ തന്നെ പ്രതിപക്ഷ സർവീസ് സംഘടനകളും പണിമുടക്കുകയാണ്.പ്രതിപക്ഷം കൂടി വന്നതോടെ പണിമുടക്ക് സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും