മലപ്പുറം.കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ചോല നായ്ക്കർ വിഭാഗത്തിലെ മണിയുടെ കുടുംബം മലയിറങ്ങി. വനം വകുപ്പ് നൽകിയ നെടുങ്കയത്തെ ഫോറസ്റ്റ് കോട്ടേഴ്സിലാണ് ഇനി താമസം. വനംവകുപ്പിന്റെ താൽക്കാലിക വാച്ചർ ജോലിയിലേക്ക് മണിയുടെ ഭാര്യ മാതി പ്രവേശിച്ചു.
കാടിനോടും കാട്ടാറിനോടും വിടപറഞ്ഞ് മണിയുടെ കുടുംബം മലയിറങ്ങി. കരുളായി ഉൾവനത്തിലെ പൂച്ചപ്പാറ നഗറിൽ നിന്ന് ഇനി താമസം നെടുങ്കയത്തെ വനംവകുപ്പിന്റെ കൊട്ടേഴ്സിലാണ്. മണിയുടെ ഭാര്യ മാതി , അഞ്ചു മക്കൾ, സഹോദരൻ അയ്യപ്പൻ, അദ്ദേഹത്തിൻറെ കുടുംബം എന്നിവരാണ് കാടുവിട്ട് ഇറങ്ങിയത്. കാട്ടാന ആക്രമണത്തിൽ മണി കൊല്ലപ്പെട്ടതിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച വനംവകുപ്പിലെ താൽക്കാലിക വാച്ചർ ജോലിയിലേക്ക് മണിയുടെ ഭാര്യ മാതി പ്രവേശിച്ചു.
ശാരീരിക വിഷമമുള്ള മകൾ മീനാക്ഷിയ്ക്ക് ചികിത്സ ഉറപ്പാക്കും. ക്വാർട്ടേഴ്സിൽ കുട്ടിയ്ക്ക് പഠന സൗകര്യവും ഒരുക്കുമെന്ന് ഡി എഫ് ഒ ധനിക് ലാൽ പറഞ്ഞു
ഐടിഡിപിയും സന്നദ്ധ സംഘടനകളും സഹായം വാഗ്ദാനം ചെയ്യുന്നു. മണിയുടെ മക്കളുടെ പഠനവും മുന്നോട്ടു പോകും. പൂച്ചപ്പാറ നഗറിൽ നിന്ന് കൂടെയുള്ളവർ വേദനയോടെയാണ് കുടുംബത്തെ യാത്രയാക്കിയത്. ജനുവരി അഞ്ചിനാണ് കുട്ടികളെ ആശുപത്രിയിലാക്കി തിരിച്ച് ഉൾവനത്തിലേക്ക് പോകും വഴി മണിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിൻ്റെ ആദ്യ ഗഡു കൈമാറിയിരുന്നു.