ഗ്രീഷ്മ ഉൾപ്പെടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലുകളിലുള്ളത് 39 പേ‍ർ; അവസാനം ശിക്ഷ നടപ്പാക്കിയത് 34 വർഷം മുമ്പ്

Advertisement

തിരുവനന്തപുരം: ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയർ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷ കാത്ത് ജയിലിൽ കിടക്കുന്ന പ്രതികളുടെ എണ്ണം 39 ആയി ഉയർന്നു. കഴിഞ്ഞ വർഷം രഞ്ജിത്ത് ശ്രീനിവാസൻ കേസിൽ മാത്രം 15 പ്രതികൾക്കാണ് തൂക്കു കയർ വിധിച്ചത്. എന്നാൽ 1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ ആണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്.

സമൂഹമനസാക്ഷിയെ ഞെട്ടിച്ച അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യങ്ങളിലാണ് നീതിന്യായപീഠം പ്രതിക്ക് തൂക്കുകയർ വിധിക്കുന്നത്. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് തെളിവുകളിലൂടെ ബോധ്യമാകുന്ന ഘട്ടത്തിലാണ് വധശിക്ഷ നൽകുക. കേരളത്തിൽ 39 പേരാണ് നിലവിൽ വധശിക്ഷ കാത്ത് ജയിലുകളിൽ കഴിയുന്നത്. ഗ്രീഷ്മ കൂടി പട്ടികയിൽ ഇടം പിടിച്ചതോടെ വധശിക്ഷ ലഭിച്ച വനിതകളുടെ എണ്ണം 3 ആയി.

2022ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ കോവളം സ്വദേശി റഫീഖ ബീവി, കൊല്ലം വിധുകുമാരൻ തമ്പി വധക്കേസിൽ തമ്പിയുടെ ഭാര്യ ബിനിത കുമാരി എന്നിവരാണ് മറ്റു സ്ത്രീകൾ. ബിനിതയുടെ ശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമാക്കി കുറച്ചു. റഫീഖ ബീവിയ്ക്കും മകനും വധശിക്ഷ വിധിച്ച അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം ബഷീറാണ് ഇന്ന് ഗ്രീഷ്മയെയും ശിക്ഷിച്ചത്.

സംസ്ഥാനത്ത് ഒരു കേസിൽ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത് കഴിഞ്ഞ വർഷം രഞ്ജിത്ത് ശ്രീനിവാസൻ കേസിലായിരുന്നു. 15പേർക്കാണ് ഈ കേസിൽ വധശിക്ഷ വിധിച്ചത്. ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസിലും മൂക്കന്നൂർ കൂട്ടക്കൊലയിലും പ്രതികൾക്ക് വധശിക്ഷയാണ് ലഭിച്ചത്. മുൻ പൊലീസ് ഉദ്യോഗസ്ഥരും വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നവരുടെ പട്ടികയിലുണ്ട്. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടി കൊലക്കേസ് പ്രതി എ.എസ്.ഐ ജിത കുമാറാണ് അത്. ഇതേ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ ജയിൽ വാസത്തിനിടെ ക്യാൻസർ ബാധിച്ച് മരിച്ചിരുന്നു. പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിനേയും കാത്തിരുന്നത് വധശിക്ഷയാണ്.

പ്രതികളെ കോടതികൾ വധശിക്ഷയ്ക്ക് വിധിക്കുമ്പോഴും ശിക്ഷ നടപ്പാക്കുന്നത് അപൂർവമാണ്. തിരുവനന്തപുരത്തും കണ്ണൂരുമാണ് സെൻട്രൽ ജയിലുകളിൽ കഴുമരമുളളത്. 34 കൊല്ലം മുൻപ് 1991ൽ കണ്ണൂരിലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ റിപ്പർ ചന്ദ്രനെയാണ് അന്ന് തൂക്കിക്കൊന്നത്. പൂജപ്പുരയിൽ അവസാനം കഴുവേറ്റിയത് 1974ൽ കളിയാക്കിവിള സ്വദേശി അഴകേശനേയും.

മിക്കവാറും കേസുകളിൽ മേൽക്കോടതി ശിക്ഷ ഇളവ് ചെയ്യുകയാണ് പതിവ്. അല്ലെങ്കിൽ രാഷ്ട്രപതിക്ക് ദയാഹർജി നൽകി വധശിക്ഷ ഒഴിവാക്കാനുളള നടപടികളും പ്രതിക്ക് സ്വീകരിക്കാൻ കഴിയും. നിർഭയ കേസിൽ 2020ൽ നാലുപേരുടെ ശിക്ഷ നടപ്പാക്കിയതാണ് രാജ്യത്ത് ഏറ്റവും ഒടുവിൽ നടപ്പാക്കിയ വധശിക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here