മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി: വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു

Advertisement

മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന് കർശന നിർദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാർഥി മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വന്നത്.
പിടിച്ചെടുത്ത മൊബൈൽ ഫോൺ അധ്യാപകൻ പ്രധാന അധ്യാപകനെ ഏൽപ്പിച്ചു. മൊബൈൻ ഫോൺ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നിൽ വിദ്യാർഥിയുടെ കൊലവിളി. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.
ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. സംഭവത്തിൽ സ്കൂൾ അധികൃതർ തൃത്താല പൊലീസിൽ പരാതി നൽകി.

അതേസമയം അധ്യാപകനെതിരെ കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പാലക്കാട്ടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതെന്ന് വിദ്യാര്‍ത്ഥി

പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്.

തനിക്ക് ഈ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ അവസരം നല്‍കാന്‍ ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.വിദ്യാര്‍ഥിക്കെതിരായ അദ്ധ്യാപകരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല സിഐ . പ്രശ്നം വന്‍ വിവാദമായതോടെ സ്കൂള്‍ പിടിഎ ചേരുന്നുണ്ട്.