തിരുവനന്തപുരം. യു ജി സി യുടെ പുതിയ കരട് ചട്ട ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ പിന്തുണയോടെ ഏകകണ്ഠമായി അംഗീകരിച്ച നടപടി ഒട്ടും അപ്രതീക്ഷിതമല്ലെന്ന് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം പിഎസ് ഗോപകുമാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി ആറിന് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യു ജി സി) പുറത്തിറക്കിയ കരട് ഭേദഗതിക്കെതിരെ നിയമസഭാ പ്രമേയം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. ഭേദഗതിക്കെതിരെ അക്കാദമിക് വിദഗ്ദ്ധരുടെ വലിയ ആശങ്കയുയർന്ന പശ്ചാത്തലത്തിലാണ് പ്രമേയം അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിയും അവകാശപ്പെട്ടിരുന്നു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കാനുള്ള മുന്നണികളുടെ മോഹത്തിനേറ്റ തിരിച്ചടിയാണ് പ്രമേയത്തിനാധാരം. മതപരവും സാമുദായികവുമായി വൈസ് ചാൻസലർ പദവി പങ്ക് വെച്ചിരുന്നവരാണ് പ്രമേയത്തെ പിന്തുണച്ചതെന്നത് അത്യന്തം വിരോധാഭാസമായി തോന്നുന്നു. തൻ്റെ ജില്ലയിലെ സർവകലാശാലയിൽ തൻ്റെ നോമിനിയെ വൈസ് ചാൻസലറാക്കണമെന്ന് പച്ചയായി ആവശ്യപ്പെട്ട മുഖ്യമന്ത്രി തന്നെയാണ് പ്രമേയം അവതരിപ്പിച്ചതെന്നത് അതിലേറെ കൗതുകമുണർത്തുന്നു. സർവകലാശാലകളുടെ ഭരണം പിടിക്കാൻ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനും സെർച്ച് കമ്മിറ്റിയിലേക്ക് രണ്ട് സർക്കാർ നോമിനികളെ ഉൾപ്പെടുത്താനും നിയമനിർമ്മാണം നടത്തിയവരുടെ നിരാശയാണ് പ്രമേയത്തിലൂടെ പ്രകടമാകുന്നതെന്ന് ഗോപകുമാര്‍ പറഞ്ഞു.