ആദായനികുതിയില് വ്യക്തികൾക്കുള്ള സ്റ്റാൻഡേഡ് ഡിഡക്ഷൻ 75,000 രൂപയായി വർധിപ്പിക്കുന്നതോടൊപ്പം നികുതിയിളവ് പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് ഉയർത്തുന്നതും പരിഗണിച്ചേക്കും .ഗാർഹിക ചെലവഴിക്കൽ ശേഷി വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും കേന്ദ്ര ബജറ്റിൽ വ്യക്തിഗത ആദായ നികുതിയിൽ കാര്യമായ ഇളവുകൾ പ്രഖ്യാപിച്ചേക്കാനിടയുണ്ട്.മുതൽ 15 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വരുമാനത്തിനുള്ള നികുതി ഘടന പുനഃക്രമീകരിക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണെന്നാണ് ലഭിക്കുന്ന സൂചന. ഇതിനായി 20 ശതമാനം നികുതി സ്ലാബ് പരിഷ്കരിക്കേണ്ടിവരും. സ്ലാബ് പരിഷ്കരണത്തിലൂടെ കൂടുതൽ പേർക്ക് അതിന്റെ ഗുണം ലഭിക്കാൻ സഹായിക്കുമെന്നാണ് വിലിയരുത്തൽ.
നിലവിൽ പുതിയ സമ്പ്രദായ പ്രകാരം 3 മുതൽ 7 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമാണ് നികുതി ബാധ്യത. 7 മുതൽ 10 ലക്ഷം രൂപവരെ 10 ശതമാനവും 10 മുതൽ 12 ലക്ഷം രൂപവരെ 15 ശതമാനവുമാണ് നികുതി നൽകേണ്ടത്. 10-15 ലക്ഷം വരുമാനമുള്ളവർ 20 ശതമാനവും അതിന് മുകളിൽ 30 ശതമാനവുമാണ് ബാധ്യത.
നടപ്പ് സാമ്പത്തിക വർഷം 6.4 ശതമാനമായി കുറഞ്ഞേക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് വ്യക്തിഗത ആദായ നികുതി വ്യവസ്ഥ പരിഷ്കരിക്കാനുള്ള സർക്കാരിന്റെ ശ്രമം.
ചെലവഴിക്കൽ ശേഷിയിൽ കാര്യമായ വർധനവുണ്ടാക്കുന്നതിന് നികുതി കിഴിച്ചുള്ള വ്യക്തികളുടെ വരുമാനം കൂടേണ്ടതുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഈയിടെ ആവശ്യപ്പെട്ടിരുന്നു.
സാമ്പത്തിക മേഖല നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ നികുതി വ്യവസ്ഥയിലെ മാറ്റം അനിവാര്യമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടു. അതുകൊണ്ടുതന്നെ പുതിയ നികുതി സമ്പ്രദായത്തിൽ കാര്യമായ മാറ്റം ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. കൂടുതൽ പേർക്ക് തൊഴിൽ ഉറപ്പാക്കുക, സ്വകാര്യ ഉപഭോഗ ചെലവ് വർധിപ്പിക്കുക എന്നിവയാകും നിലവിലെ സാഹചര്യത്തിൽ ഫലപ്രദമാകുക.
കോർപറേറ്റ് നികുതിയേക്കാൾ വ്യക്തിഗത ആദായ നികുതി വരുമാനത്തിൽ അതിവേഗ വളർച്ചാണ് ഉണ്ടായിട്ടുള്ളത്. മുൻ സാമ്പത്തിക വർഷം ഈയിനത്തിൽ 25 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വർഷമാകട്ടെ 13 ശതമാനം വർധനവോടെ 11.87 ലക്ഷം കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ജിഡിപി വളർച്ചയേക്കാൾ വേഗത്തിലെന്ന് ചുരുക്കം.