മലപ്പുറം. സിപിഎമ്മിന് ഭീഷണി ഉയര്‍ത്തിയവരെ കുത്തിഒതുക്കുന്നതിന് നേതൃത്വം നല്‍കിയ കടന്നല്‍ രാജാവിനെ ഓടിച്ചിട്ടുകുത്തുകയാണ് സിപിഎം. പി വി അൻവർ സിപിഎം പാളയം വിട്ടതോടെ കേസുകളിലൂടെ കുരുക്കു മുറുക്കുകയാണ് സർക്കാർ. ആലുവയിലെ 11 ഏക്കർ പാട്ടഭൂമി അനധികൃത പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. സർക്കാർ പകപോക്കുകയാണെന്ന് പി വി അൻവർ തിരിച്ചടിക്കുന്നു. ആലുവ പാട്ട ഭൂമി കേസിൽ തൻറെ ഭാഗം പറയാൻ അൻവർ വാർത്താസമ്മേളനം നടത്തും.
2024 ഓഗസ്റ്റ് വരെ സിപിഎമ്മിന്റെ പ്രധാന പോരാളി. സൈബർ സഖാക്കളുടെ കടന്നൽ രാജാവ്. പിവി അൻവർ പാർട്ടിയുടെ കണ്ണിലെ കരടായി മാറിയത് പടിപടിയായി. ആദ്യം മലപ്പുറം എസ്പി സുജിത്ത് ദാസ്, എഡിജിപി എം ആർ അജിത് കുമാർ, പിന്നീട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ഒടുവിൽ മുഖ്യമന്ത്രിയ്ക്ക് എതിരെ തന്നെ…. കടുത്ത ഭാഷയിലുള്ള ആരോപണങ്ങൾ. പാർട്ടിയുമായി 2012 മുതലുള്ള നീക്കുപോക്കും 2016 മുതലുള്ള തെളിഞ്ഞ ബന്ധവും പൊട്ടി. അൻവറിന്മേൽ പഴയതും പുതിയതുമായ കേസുകളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അടിവരയിടുകയാണ് സർക്കാർ. ഒടുവിൽ ഇതാ വിജിലൻസ് അന്വേഷണം. ആലുവ ഇടത്തയിലുള്ള 11 ഏക്കർ പാട്ട ഭൂമി പോക്കുവരവ് നടത്തി നിയമവിരുദ്ധമായി കൈവശപ്പെടുത്തി എന്നതാണ് കേസ്. ഇതിൽ പ്രാഥമിക അന്വേഷണം വിജിലൻസ് നടത്തിയപ്പോൾ അൻവർ എംഎൽഎയായിരുന്നു. പിന്നീട് ഇപ്പോഴാണ് വിശദമായ അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിടുന്നത്. അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പകപോക്കൽ എന്നും അൻവർ.
അന്‍വര്‍ ചെറിയ വെല്ലുവിളിയല്ല ഉയര്‍ത്തിയത്. പരമാധികാരിക്ക് ഭീഷണിയാകുന്ന കണക്കുകള്‍ നിരന്തരം നിരത്തുന്നു. എല്ലാമറിയുന്ന അന്‍വറിനെ നോവിച്ചുമെരുക്കാമോ എന്ന നോട്ടത്തിലാണ് സിപിഎം.
നിലമ്പൂർ ഡിഎഫ് ഓഫീസ് അക്രമിച്ചതിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാത്രി തന്നെ അറസ്റ്റ് ചെയ്തതുൾപ്പെടെ അൻവറിനോട് ഇനി ഔദാര്യം വേണ്ട എന്നതിൻറെ സാക്ഷ്യമാണ്. നിലവിൽ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഡിനേറ്റർ ആണ് പിവി അൻവർ. യുഡിഎഫ് പ്രവേശനത്തിന് എല്ലാ വഴിയും നോക്കുന്നുണ്ട്. പക്ഷേ യുഡിഎഫിൽ ഏക സ്വരം കൈ വരുന്നതേയില്ല…. ഇതിനിടെ പഴയ ത്രിണമൂൽ കോൺഗ്രസുകാർ അൻവറിനെതിരെ രംഗത്തുവന്നതും അൻവറിന് തലവേദന തന്നെയാണ് .