കുട്ടിയുടേതു പെരുമാറ്റപ്രശ്നം, ചേർത്തു നിർത്താൻ പിടിഎ

Advertisement

കുമരനല്ലൂർ (പാലക്കാട്): മൊബൈൽ ഫോൺ വാങ്ങിവച്ചതിനു പ്രിൻസിപ്പലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ആനക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കു കൗൺസലിങ് നൽകും. കുട്ടിയുടെ പെരുമാറ്റ പ്രശ്നത്തിന്, സ്കൂളിന്റെ ഭാഗത്തു നിന്നു സാധിക്കുന്ന കാര്യങ്ങൾ ചെയ്യാനും സ്കൂളിന്റെ ഭാഗമാക്കി ചേർത്തുനിർത്താനും അധ്യാപക രക്ഷാകർതൃ സമിതി (പിടിഎ) തീരുമാനിച്ചു.

സംഭവിച്ച കാര്യങ്ങളിൽ കുട്ടിക്കു പശ്ചാത്താപമുണ്ടെന്നും മാപ്പു പറയാൻ തയാറാണെന്നു പൊലീസിനോടും അധ്യാപകരോടും പറഞ്ഞെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. അസാധാരണ പ്രതികരണമാണ് ആ സമയത്തുണ്ടായത്. ആ സാഹചര്യത്തിലാണു വിഡിയോയിൽ പകർത്തിയതും പിടിഎയുടെയും സ്കൂൾ മാനേജിങ് കമ്മിറ്റിയുടെയും (എസ്എംസി) നിർദേശപ്രകാരം കുട്ടിയുടെ പിതാവിനു ദൃശ്യങ്ങൾ കൈമാറിയതും. ശാന്തനാകുന്ന സമയത്തു കുട്ടിയെത്തന്നെ ദൃശ്യങ്ങൾ കാണിച്ചു ബോധ്യപ്പെടുത്തി നേർവഴിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. വിഡിയോ പ്രചരിപ്പിച്ചതു തങ്ങളല്ലെന്നു സ്കൂൾ അധികൃതർ പറഞ്ഞു.

സ്കൂളിൽ നടന്ന സംഭവം ഉന്നത അധികൃതരെയും പിടിഎ, എസ്എംസി ഭാരവാഹികളെയും പൊലീസിനെയും അറിയിച്ചിരുന്നുവെന്നു പ്രിൻസിപ്പൽ എ.കെ.അനിൽകുമാർ പറഞ്ഞു. റീജനൽ ഡപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എല്ലാ വിവരങ്ങളും കൈമാറി.

അതേസമയം, മൊബൈൽ ഫോൺ പിടിച്ചെടുത്തതും വിഡിയോ സമൂഹമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും പ്രചരിച്ചതും അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here