കോഴിക്കോട് : ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കല്ലിൽ പുലർച്ചെ കാട്ടാന കിണറ്റിൽ വീണു. വാർഡിലെ വിവിധ ഇടങ്ങളിൽ കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു സമീപവാസിയുടെ കിണറ്റിൽ ആന വീണത്. വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദിവസവും ഏക്കർകണക്കിനു കൃഷിയാണു കാട്ടാനകൾ നശിപ്പിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു. മേഖലയിലെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടും നാളുകളായി.
ആന ഇറങ്ങിയിട്ടുണ്ടെന്നും അവയെ തുരത്തണമെന്നും വാർഡ് അംഗം പി.എസ്.ജിനേഷ് ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. നിലമ്പൂരിൽനിന്ന് ആർആർടിയും കൊടുമ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തുമ്പോഴേക്കും പുലർച്ചെ പന്ത്രണ്ടരയോടെ ആന കിണറ്റിൽ വീണു. ആനയെ കരയ്ക്കു കയറ്റിയാൽ ഇവിടെ തുറന്നുവിടാൻ അനുവദിക്കില്ലെന്നും ദൂരത്തേക്കു മാറ്റണമെന്നും നാട്ടുകൾ ആവശ്യപ്പെട്ടു.
തെങ്ങും കമുകും റബർ ഉൾപ്പെടെയുള്ള മറ്റു കൃഷികളും ഒറ്റരാത്രി കൊണ്ടാണു കാട്ടാന നശിപ്പിക്കുന്നത്. മലയോര മേഖലകളിൽ ആനയെ പേടിച്ച് തൊഴിലാളികൾ റബർ ടാപ്പിങ് നിർത്തി. വാർഡിലൂടെയുള്ള രാത്രിയാത്ര അപകടം നിറഞ്ഞതായിട്ടും അധികൃതരുടെ ഭാഗത്തുനിന്നു ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ ഓടിക്കുന്നുണ്ടെങ്കിലും തിരിച്ച് നാട്ടിലേക്ക് തന്നെ ഇറങ്ങുന്നതു തുടരുകയാണ്.