തിരുവനന്തപുരം. കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതിയായ ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണ് സുഹൃത്ത്. കൊല നടത്തിയത് ജോണ്‍സന്‍ തന്നെയെന്നു പൊലീസ് വ്യക്തമാക്കി. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
കൊല്ലം നീണ്ടകര ദളവാപുരമാണ് ജോൺസൺ ഔസേപ്പിൻറെ സ്വന്തം സ്ഥലം. ചെല്ലാനത്ത് നിന്ന് വിവാഹ കഴിച്ച ശേഷമാണ് അവിടെ സ്ഥിരതാമസമാക്കിയത്. മൂന്ന് കുട്ടികളുള്ള ഇയാൾ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ആതിരയുമായി അടുക്കുന്നത്. ഇവർ ഒരുമിച്ച് പലസ്ഥലങ്ങളിലും ഒരുമിച്ച് പോയിരുന്നതായി പൊലീസ് കണ്ടെത്തി. സ്വകാര്യ നിമിഷങ്ങളിൽ ജോൺസൻ ആതിരയുടെ ചിത്രങ്ങളെടുത്തിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണവും വാങ്ങിയിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോൺസന് നൽകി.കൃത്യത്തിന് മൂന്നുദിവസം മുമ്പ് 2500 രൂപ ജോൺസൺ യുവതിയുടെ പക്കൽ നിന്നും വാങ്ങി. ഒടുവിൽ കൂടെ പോകണമെന്ന് ജോൺസൺ യുവതിയോട് പറഞ്ഞു.ഇത് യുവതി വിസമ്മതിച്ചു. ഇത് പകക്ക് കാരണമായെന്നാണ് പൊലീസ് നിഗമനം. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒൻപതു മണിയോടെ വീട്ടിലെത്തിയ ജോൺസന് യുവതി ചായ കൊടുത്തു.പിന്നീടാണ് യുവതിയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയത്. അന്നേദിവസം രാവിലെ പ്രതി പെരുമാതുറയിലെ വാടകവീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. കൃത്യത്തിന് ശേഷം ആതിരയുടെ സ്കൂട്ടറുമായി കടന്ന പ്രതി ട്രെയിൻ കയറി രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി.
ആദ്യം ആതിരയുടെ ഭർത്താവ് രാജീവിനെയും പൊലീസിന് സംശയം ഉണ്ടായിരുന്നു. രണ്ടാമത് ചോദ്യം ചെയ്തതോടെ രാജീവിനെ അവിശ്വസിക്കേണ്ട എന്ന നിലപാടിൽ പൊലീസ് എത്തുകയായിരുന്നു.