2025 ജനുവരി 28 ന് ശുക്രൻ തൻ്റെ ഉച്ചരാശിയായ മീനം രാശിയിൽ പ്രവേശിക്കുന്നു. ഇത്തവണത്തെ ശുക്രൻ്റെ മീനം രാശിയിലെ ഉച്ചസ്ഥിതി സഞ്ചാരത്തിന് വലിയൊരു സവിശേഷതയുണ്ട്. അടുത്ത 4 മാസക്കാലത്തിലധികം ശുക്രൻ ഉച്ചരാശിയിൽ സഞ്ചരിക്കുന്നു എന്നതാണത്. ശരാശരി ഒരുമാസക്കാലമാണ് ശുക്രൻ ഒരു രാശിയിൽ ഉണ്ടാവുക.
മേടം രാശി (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)
ധനപരമായി പലനിലയ്ക്കും മെച്ചം വന്നുചേരുന്ന കാലമായിരിക്കും. കിട്ടാക്കടങ്ങൾ എന്നു കരുതിയവ തിരികെ കിട്ടാനിടയുണ്ട്. സ്വന്തം അദ്ധ്വാനത്തിന് ഫലമുണ്ടാവും. യാത്രകൾ കൊണ്ട് മെച്ചം പ്രതീക്ഷിക്കാം. വിദേശത്ത് കഴിയുന്നവർക്ക് തൊഴിൽ മാറ്റത്തിന് സാഹചര്യം അനുകൂലമായി വരും. ഉപരി വിദ്യാഭ്യാസത്തിന് ബാങ്കുകളിൽ നിന്നും ലോൺ ലഭിക്കുന്നതാണ്. സ്ത്രീകളുടെ ഇടയിൽ സ്വീകാര്യതയുണ്ടാവും. ആഢംബര വസ്തുക്കൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ വാങ്ങാനിടയുണ്ട്. പ്രണയികൾക്കും ദമ്പതികൾക്കും സന്തോഷ കാലമായിരിക്കും.
ഇടവം രാശി (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഏറ്റവും അനുകൂലമായ ഭാവത്തിലാണ് ശുക്രൻ്റെ സഞ്ചാരം. മാളവ്യ രാജ്യയോഗം ഈ സമയത്ത് ഗുണം ചെയ്യും. ഈ സംയോജനത്തോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കൂടാതെ, വരുമാനത്തിൽ ലാഭം ഉണ്ടാകും. ഈ സമയം നിക്ഷേപത്തിനും നല്ലതായി കണക്കാക്കപ്പെടുന്നു.ആഗ്രഹ പൂർത്തീകരണമുണ്ടാകും. സുഖഭോഗം, സമ്മാന ലബ്ധി, മാനസിക സന്തോഷം എന്നിവയുണ്ടാകും. ഉദ്യോഗസ്ഥർക്ക് ഉയർച്ചയുണ്ടാവും. പ്രണയബന്ധം വിവാഹത്തിലെത്തിച്ചേരും. ഗൃഹനിർമ്മാണം പൂർത്തീകരിക്കപ്പെടാം.ജീവിത നിലവാരം മെച്ചപ്പെടും. പരീക്ഷ /മത്സരം/അഭിമുഖം ഇവയിൽ വിജയിക്കും. ജോലി തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. പിണങ്ങിക്കഴിയുന്നവർ ദമ്പതികൾ/കൂട്ടുകാർ/ ബന്ധുക്കൾ ഇണക്കത്തിലാവും. വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ നിന്നും ലാഭം വർദ്ധിക്കും. നവസംരംഭങ്ങൾ തുടങ്ങും.
മിഥുനം രാശി (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
ശുക്രൻ അനുകൂല ഭാവത്തിലല്ലയെങ്കിലും ഉച്ചസ്ഥിതിയിലാവുകയാൽ സാമാന്യമായ ഗുണാനുഭവങ്ങൾ മിഥുനക്കൂറിലെ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പ്രതീക്ഷിക്കാം. വരുമാനമാർഗം തടസ്സപ്പെടില്ല.വരവിലധികം ചെലവുണ്ടായേക്കാം. ഗാർഹികമായ ആവശ്യങ്ങൾ കൂടാനിടയുണ്ട്. ബന്ധങ്ങളുടെ കെട്ടുറപ്പിനായി വിട്ടുവീഴ്ച ചെയ്യേണ്ടതാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ ആഗ്രഹിച്ച മുന്നേറ്റം കൈവന്നേക്കില്ല.
കർക്കടക രാശി (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
ഭാഗ്യസ്ഥാനത്ത് ശുക്രന് ഉച്ചസ്ഥിതി വന്നിരിക്കുന്നതിനാൽ ഇക്കാലയളവിൽ സൽഫലങ്ങൾ അനുഭവയോഗ്യമാകും. നറുക്കെടുപ്പ്, ചിട്ടി മുതലായവയിൽ വിജയിക്കാം സാമ്പത്തിക നേട്ടമുണ്ടാകും. നടക്കില്ല എന്നു കരുതിയത് കാര്യങ്ങൾ ലളിതമായി നേടാൻ കഴിയുന്നതാണ്. പുതുവസ്ത്രാഭരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. മത്സരങ്ങളിൽ തിളങ്ങാനാവും. ജോലി തേടുന്നവർക്ക് മികച്ച അവസരങ്ങൾ കൈവരുന്നതാണ്. പ്രണയാനുഭവങ്ങൾ വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ ശാന്തിയും സമാധാനവുമുണ്ടാകും. ചെറുപ്പക്കാർക്ക് വിവാഹതടസ്സം നീങ്ങും. കുടുംബ സ്വത്തിന്മേലുള്ള തർക്കങ്ങൾ പരിഹരിക്കും.പൊതുവേ ഭാഗ്യമുള്ള കാലമായിരിക്കും.
ചിങ്ങം രാശി (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
മറ്റുള്ള ഗ്രഹങ്ങൾ അനിഷ്ടഫലങ്ങൾ നൽകുമ്പോൾ ശുക്രൻ അനുകൂലമായ ഫലങ്ങൾ നൽകും. കാര്യതടസ്സം നീങ്ങി കർമ്മമേഖല പുരോഗതി പ്രാപിക്കും ,ശാന്തമാകും. മകളുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനം പ്രതീക്ഷിക്കാം. വിദേശത്തു കഴിയുന്നവർക്ക് ജന്മനാട്ടിലെത്താൻ സാധിക്കുന്നതാണ്. വ്യക്തിബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള ലോൺ പാസ്സാവും. രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് ആശ്വാസത്തിൻ്റെ കാലമാണ്.
കന്നി രാശി (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)
ശുക്രന് അനുകൂലമല്ലാത്ത സ്ഥാനമാണെങ്കിലും ഉച്ചസ്ഥിതിയാൽ ഗുണാനുഭവങ്ങൾക്ക് മുൻതൂക്കമുണ്ടാവും. പഠനം, തൊഴിൽ എന്നിവയ്ക്കായി വിദേശത്തു പോകാൻ അവസരം ലഭിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാനാവും. ഗൃഹനിർമ്മാണ പുരോഗതിക്ക് കടം വാങ്ങേണ്ടി വന്നേക്കും. ജീവിതച്ചെലവുകൾ കൂടും.വ്യാപാരത്തിലൂടെ ലാഭം ഉണ്ടാകും .എന്നാൽ പാർട്ണർഷിപ്പ് സംരംഭങ്ങൾ തൃപ്തികരമാകില്ല. പ്രണയികൾക്ക് സമ്മിശ്രാനുഭവം വരും. ഭാര്യാഭർത്താക്കന്മാർക്ക് ഒരേദിക്കിൽ സ്ഥലംമാറ്റം ലഭിക്കുന്നതിന് കാത്തിരിപ്പ് ആവശ്യമാണ്.
തുലാം രാശി (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
ആറാം ഭാവത്തിലെ ശുക്രൻ ഗുണപരമല്ല എങ്കിലും ഉച്ചസ്ഥിതിയിൽ കുറച്ചൊക്കെ നേട്ടമുണ്ടാകാം. കടബാധ്യത കുറയ്ക്കാൻ സാധിക്കുമ്പോൾ തന്നെ കൂടുതൽ കടബാധ്യത വരാനും സാഹചര്യം ഉരുത്തിരിയാം. സ്വന്തം തൊഴിലിൽ കൂടുതൽ മുതൽമുടക്കിന് ഈ സന്ദർഭം അനുയോജ്യമാവില്ല. കമിതാക്കൾക്കിടയിലെ അഹംഭാവം കലഹം ഉണ്ടാകാൻ കാരണമാകും. വിവാഹ തീരുമാനം നീളാനിടയുണ്ട്.രോഗബാധിതർക്ക് ഫലപ്രദമായ തുടർ ചികിൽസ ലഭിക്കാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ ഭാഗികമായി ചെറുക്കാനാവും. ദൂരയാത്രകൾ തടസ്സപ്പെടാം. മത്സരങ്ങളിൽ വിജയിക്കാൻ പ്രയാസപ്പെടും .സുഹൃൽ ബന്ധങ്ങൾ ദൃഢമാകും.
വൃശ്ചികം രാശി (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
കുടുംബത്തിൽ സമാധാനം പുലരും. തൊഴിൽ ക്ലേശങ്ങൾ ഒട്ടൊക്കെ പരിഹരിക്കപ്പെടും. വരുമാനം ഉയരും.
സന്താനങ്ങൾക്ക് ക്ഷേമമുണ്ടാവും. പഠിപ്പ്, ജോലി, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സന്തോഷിക്കാനിടയാകും. പുണ്യകർമ്മങ്ങൾ ചെയ്യാൻ അവസരം വന്നുചേരും. . നറുക്കെടുപ്പ്, ചിട്ടി മുതലായവയിൽ വിജയമുണ്ടാകും. ജീവിതത്തിൽ സുഖാനുഭവങ്ങളും സമാധാനവും ഉണ്ടാകും. പദവികളും പുരസ്കാരങ്ങളും പ്രതീക്ഷിക്കാം. ബന്ധുക്കളുടെ ഇടയിൽ സ്വീകാര്യത വർദ്ധിക്കും. നവസംരംഭങ്ങൾ സമാരംഭിക്കുന്നതിന് അനുകൂലമായ കാലഘട്ടമാണ്.
ധനുരാശി (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
നാലാം ഭാവത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ രാഹു കുറച്ചുകാലമായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ദോഷ ഫലങ്ങൾ ലഘൂകരിക്കപ്പെടും.പൊതുവേ ക്ഷേമവും സമാധാനവും പുലരുന്ന കാലമായിരിക്കും. വാഹനം വാങ്ങാനോ വീട് വാങ്ങാനോ ശ്രമിക്കുന്നവർക്ക് നല്ല സമയമാണ്. രോഗക്ലേശിതർക്ക് പുതുചികിൽസ ഫലപ്രദമാവും. ഗൃഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. തൊഴിൽ രംഗത്തുണ്ടായിരുന്ന തടസങ്ങൾ മാറിക്കിട്ടും. നവസംരംഭങ്ങൾ തുടങ്ങാം . മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. വസ്തുവകകളിൽ നിന്നും ധനാഗമം ഉണ്ടാവും. ജന്മനാട്ടിൽ പോയി കുടുംബ ക്ഷേത്രം, വിവാഹാദികൾ എന്നിവയിൽ സംബന്ധിക്കാൻ കഴിയുന്നതാണ്.
മകരം രാശി (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
പിണങ്ങിയവർ ഇണങ്ങും അകന്നുപോയവർ അടുക്കും. ന്യായമായ ആവശ്യങ്ങൾ തടസ്സങ്ങളകന്ന് യാഥാർത്ഥ്യമാവും. തൊഴിൽ തേടുന്നവർക്ക് സ്വകാര്യമേഖലയിൽ അവസരങ്ങൾ ലഭിക്കും. സ്ത്രീസൗഹൃദം പുഷ്ടിപ്പെടുന്നതാണ്. കടക്കെണിയിൽ നിന്നും മോചനമുണ്ടാകും. സ്വന്തം കഴിവുകൾ തിരിച്ചറിയപ്പെടുന്ന കാലം കൂടിയാവും.രാഷ്ട്രീയ രംഗത്ത് സ്വാധീനതയേറുവാൻ സാഹചര്യം വന്നുചേർന്നേക്കും.
കുംഭം രാശി(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
രണ്ടാം ഭാവത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ രാഹു ദോഷം മൂലം അനുഭവിച്ചു കൊണ്ടിരുന്ന ധനക്ലേശത്തിന് പരിഹാരമാകും. കുടുംബ ജീവിതത്തിലെ പിണക്കങ്ങൾ ഇല്ലാതാകും. പരാജയപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോൾ വിജയിപ്പിക്കാൻ കഴിഞ്ഞേക്കും. വീടിൻ്റെ പണി പൂർത്തിയാക്കാനോ മോടിപിടിപ്പിക്കാനോ സാധിക്കുന്നതാണ്. അന്യദേശവാസം അവസാനിപ്പിക്കാനും ജന്മനാട്ടിലേക്ക് മടങ്ങാനും അവസരമുണ്ടാകും. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. കലാപഠനത്തിന് അവസരം തുറന്നുകിട്ടുന്നതാണ്. പ്രണയികൾക്ക് അനുകൂല കാലമാണ്. പൊതുമധ്യത്തിൽ സ്വീകാര്യതയുണ്ടാവും
മീനം രാശി (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)
സുഖഭോഗങ്ങൾക്ക് അവസരമുണ്ടാക്കും. അനുരാഗികൾക്ക് ദാമ്പത്യ പ്രവേശം സഫലമാവുന്നതാണ്. കൂട്ടുകച്ചവടത്തിൽ ലാഭമുണ്ടാവും.സകുടുംബം വിദേശത്ത് പോവാനോ അന്യനാട്ടിൽ താമസം മാറ്റാനോ സാധിക്കും. കലാകാരന്മാർക്ക് അരങ്ങത്തും അണിയറയിലും ശോഭിക്കാനാവും. അധികാരമുള്ള പദവികൾ തേടി വരുന്നതാണ്. ഏജൻസി വ്യാപാരത്തിൽ ലാഭം ഉയരും. സ്ത്രീകളുടെ സഹകരണവും പിന്തുണയും കൂടും. സഹോദരരുമായുള്ള സ്വത്തുതർക്കം അവസാനിക്കും. സാമ്പത്തിക സമ്മർദത്തിൽ നിന്നും മോചനമുണ്ടാവും.