ഊർങ്ങാട്ടിരി കിണറ്റിൽ വീണ കാട്ടാനയെ 20 മണിക്കൂറുകൾക്കുശേഷം കാട് കയറ്റിയ ആശ്വാസത്തില്‍ അധികൃതരും നാട്ടുകാരും,ഇന്ന് കുങ്കി നിരീക്ഷണം

Advertisement

മലപ്പുറം. ഊർങ്ങാട്ടിരി കൂരങ്കല്ലിൽ കിണറ്റിൽ വീണ കാട്ടാനയെ 20 മണിക്കൂറുകൾക്കുശേഷം കാട് കയറ്റിയ ആശ്വാസത്തില്‍ അധികൃതരും നാട്ടുകാരും. ഒരു പകൽ നീണ്ടുനിന്ന നാട്ടുകാരുടെ പ്രതിഷേധത്തിന് ശേഷം രാത്രി 7.15 ഓടെയാണ് രക്ഷാദൗത്യം ആരംഭിക്കാൻ കഴിഞ്ഞത്. ആനയെ പ്രദേശത്തുനിന്ന് മറ്റ് സ്ഥലത്തേക്ക് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ഇന്ന് തന്നെ പരിഹരിക്കുമെന്ന് ഡി.എം. ഒ ഉറപ്പ് നൽകി. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിൽ കാട്ടുകൊമ്പൻ വീണത്.

വീട്ടുകാർ കുടിവെള്ളം എടുക്കുന്ന കിണറ്റിൽ ഒന്ന് തിരിയാൻ പോലും ആകാതെ കാട്ടുകൊമ്പൻ. സമീപത്തെ വീട്ടിൽ തുടർച്ചയായി വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി ചർച്ച . ഇന്നലെ ഊർങ്ങാട്ടിരിയിൽ ഇതായിരുന്നു കാഴ്ച്ച. രാപ്പകൽ പ്രതിഷേധം, നാടകീയത.

ആനയെ കരയ്ക്കുകയറ്റി തൊട്ടടുത്ത കാട്ടിലേക്ക് തന്നെ വിടാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിൽ നാട്ടുകാർ നിന്നു. മയക്കു വെടിവയ്ക്കാൻ കഴിയുന്ന സാഹചര്യമാണെങ്കിൽ മറ്റിടത്തേക്ക് മാറ്റാമെന്ന ഉറപ്പ് ആദ്യം ഡിഫ് ഒ നൽകി. എന്നാൽ വൈകിട്ടോടെ സ്ഥിതി മാറി. ആനയുടെ ആരോഗ്യസ്ഥിതി മോശം എന്ന് വെറ്റിനറി അസിസ്റ്റൻറ് സർജൻ അറിയിച്ചു. സമീപത്തെ കാട്ടിലേക്ക് തന്നെ വിടാനുള്ള നീക്കത്തിൽ വനം വകുപ്പ് നീക്കത്തിൽ രോഷം പലപ്പോഴും അണപൊട്ടി. ജനം കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഒടുവിൽ മൂന്ന് വ്യവസ്ഥകളിൽ സമ്മതം. കാട്ടാനയെ 500 മീറ്റർ അകലെ യുള്ള കാട്ടിലേക്ക് വിട്ടാലും കുങ്കി ആനകളെ വെച്ച് പരിശോധിക്കുക. ആർ ആർ ടി സംഘം സ്ഥലത്ത് നിലയുറപ്പിക്കും. കിണറിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപ നൽകും. വൈദ്യുത തൂക്കുവേലി സ്ഥാപിക്കാൻ ഉടൻ എസ്റ്റിമേറ്റ് കൈമാറും .

നാട്ടുകാർ സമ്മതം മൂളിയപ്പോഴേക്കും സമയം രാത്രി 7 കഴിഞ്ഞു. പിന്നീട് രക്ഷാദൗത്യം. കിണറ്റിലേക്കുള്ള ചാലുകീറി കിണറിൻ്റെ മണ്ണിടിച്ച് ആനയ്ക്ക് വരാനുള്ള വഴിയൊരുക്കി. പ്രദേശത്ത് ജാഗ്രത നിർദേശം. ജനങ്ങളുടെ പുറത്തിറങ്ങരുതെന്ന് ഉത്തരവിട്ടു. പക്ഷേ പ്രതീക്ഷകൾ തെറ്റിച്ച് ആനയ്ക്ക് പെട്ടെന്ന് തന്നെ കരയ്ക്കുകയറാൻ കഴിഞ്ഞില്ല. ആനയ്ക്ക് ഗ്രിപ്പ് കിട്ടാനുള്ള വസ്തുക്കൾ ഇട്ടുവരെ വനം വകുപ്പ് നടത്തിയ പരിശ്രമങ്ങൾ ഒടുവിൽ വിജയിച്ചു. കിണറില്‍ നിന്ന് പുറത്തുവന്ന കൊമ്പനെ കാടുകയറ്റി.കാട്ടുകൊമ്പനെ നിരീക്ഷിക്കാൻ ഇന്ന് കുങ്കി ആനകൾ എത്തും. വയനാട്ടിൽ നിന്നാണ് ആനകളെ കൊണ്ടുവരുന്നത്. കിണറ്റിൽ വീണ കാട്ടാനയെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാട് കയറ്റാൻ ആയത്. ആനയെ നിരീക്ഷിച്ച് ആരോഗ്യസ്ഥിതി മോശമല്ലെന്ന് കണ്ടാൽ മയക്കു വെടിവെച്ച് മറ്റിടത്തേക്ക് മാറ്റും. ആനയെ ഈ പ്രദേശത്തു നിന്ന് കൊണ്ടുപോകാമെന്ന് ഉറപ്പിലാണ് നാട്ടുകാർ രക്ഷാദൗത്യത്തിന് വനംവകുപ്പിനെ അനുവദിച്ചിരുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here