കഠിനംകുളം കൊലപാതക കേസിൽ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്. ലൈംഗിക ബന്ധത്തിനിടെയാണ് യുവതിയെ കുത്തി കൊന്നത് എന്ന് പ്രതിയുടെ മൊഴിയില്‍ പറയുന്നു. കൊലപാതകത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചാണ് പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് യുവതിയെ കൊന്നതെന്നും ജോണ്‍സണ്‍ ഔസേപ്പ് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് യുവതി താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയത്. യുവതി കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. അതിനിടെ ഇരുവരും ഫോണില്‍ സംസാരിച്ചതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു.
വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്‍സന് യുവതി ചായ നല്‍കി. ഈ സമയം കൈയില്‍ കരുതിയിരുന്ന കത്തി ജോണ്‍സണ്‍ മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി. ഇട്ടിരുന്ന രക്തംപുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി ട്രെയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയതെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.
കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോംനഴ്‌സായി ജോലിചെയ്യുകയായിരുന്നു ജോണ്‍സണ്‍. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പൊലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍, വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
യുവതിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്‍സണ്‍ പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ യുവതിയെ ഇയാള്‍ നിര്‍ബന്ധിച്ചു. യുവതി എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. യുവതി കുടുംബമുപേക്ഷിച്ച് ജോണ്‍സണൊപ്പം പോകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.