വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ കടുവയെ വെടിവെച്ച് കൊല്ലാന്‍ നിര്‍ദേശിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ചീല്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇതിനുള്ള ഉത്തരവ് പ്രഖ്യാപിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീവ് പ്രൊസീജിയര്‍ പ്രകാരം കടുവ നരഭോജിയാണെന്ന് ഉറപ്പാക്കിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടാന്‍ ശ്രമിക്കാവുന്നതാണ്. ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം വെടിവെച്ചുകൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കാവുന്നതാണ്. അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ധ്രുതകര്‍മസേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് താത്കാലിക വനം വാച്ചറുടെ ഭാര്യയായ രാധയെ കടുവ ആക്രമിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് തണ്ടര്‍ബോള്‍ട്ട് സംഘം രാധയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്. ഇതോടെ മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ഭാരതീയ ന്യായ സംഹിത 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ
നടപടിയെടുക്കും.