മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്കായി ഇന്നു വനം വകുപ്പ് തെരച്ചിൽ തുടരും. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി എത്തിക്കും. കൂടുതൽ ആർആർടി സംഘം തെരച്ചിലിനായി ഇറങ്ങുന്നതിനൊപ്പം തെർമൽ ഡ്രോൺ ഉപയോഗിക്കുന്നതും തുടരും. വെറ്ററിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘവും പ്രദേശത്തുണ്ടാകും.
കടുവയെ പിടികൂടാൻ ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു. അതേസമയം, ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്കാര ചടങ്ങുകൾ. മാനന്തവാടി മെഡിക്കൽ കോളജിൽ ഇന്നലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ.
ഇന്നലെ രാത്രി മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞത് ആശങ്ക ഇരട്ടിയാക്കി. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയാണ്.