തിരുവനന്തപുരം: പൊതുവഴി തടസ്സപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കു ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ നിർദേശം. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കണമെന്നാണു നിർദേശം. വിധി കർശനമായി നടപ്പാക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തുകയാണെന്നു കാട്ടി കോടതികളിൽ ഹർജികൾ വന്നതോടെയാണ് ഡിജിപിയുടെ ഇടപെടൽ.
ഘോഷയാത്രകൾ റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം. റോഡ് പൂർണമായി തടസ്സപ്പെടുത്തിയുള്ള പരിപാടികൾ അനുവദിക്കില്ല. ഘോഷയാത്രകൾ മൂലം ജനത്തിനു വഴിയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും നിർദേശിച്ചു.
രാഷ്ട്രീയ പാർട്ടികൾ വഴി തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെയും കർശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്. ഇത്തരം സമ്മേളനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതിനെ ഹൈക്കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചതോടെയാണിത്.