കണ്ണൂർ.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര സമര പ്രചാരണ യാത്രക്ക് ഇന്ന് കണ്ണൂരിൽ തുടക്കമാകും. ഇരിക്കൂർ മണ്ഡലത്തിലെ കരുവഞ്ചാലിൽ കെ സി വേണുഗോപാൽ എംപി യാത്ര ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി അഞ്ച് വരെ വിവിധ ജില്ലകളിലെ 20 കേന്ദ്രങ്ങളിലായാണ് പര്യടനം.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മലയോര കർഷകരെയും ജനങ്ങളെയും സംരക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കാണുക, ബഫർസോൺ പ്രശ്നത്തിൽ കേന്ദ്ര ഇടപെടൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഡിഫ് മലയോര സമര യാത്ര സംഘടിപ്പിക്കുന്നത്. വന നിയമ ഭേദഗതി നീക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യുഡിഎഫ് യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ സർക്കാർ പിന്മാറ്റം, യാത്ര തുടങ്ങും മുൻപേയുള്ള നേട്ടമായി യുഡിഎഫ് അവകാശപ്പെടുന്നു. ആവർത്തിക്കുന്ന വന്യമൃഗാക്രമണ പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുന്നുവെന്ന സന്ദേശം നൽകുന്നതിനൊപ്പം. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കവും യുഡിഎഫ് ലക്ഷ്യമിടുന്നു.
മലയോര മേഖലകളിലെ UDF അനുകൂല ക്രൈസ്തവ വോട്ടുകളിൽ വിള്ളലുണ്ടാകുന്നുവെന്ന തിരിച്ചറിവും സമര യാത്രയ്ക്ക് പ്രേരകമായി. യാത്ര നിലമ്പൂരിൽ എത്തുമ്പോൾ യുഡിഎഫ് പ്രവേശന മോഹവുമായി കാത്തിരിക്കുന്ന പി വി അൻവറിനെ നേതൃത്വം എങ്ങനെ സമീപിക്കും എന്നതും രാഷ്ട്രീയ കൗതുകം.