മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കും ശോഭനക്കും പത്മഭൂഷണ്‍

Advertisement

ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് രാജ്യത്തിന്റെ ആദരം. പത്മഭൂഷണ്‍ നല്‍കി എംടിയെ രാജ്യം ആദരിക്കും. മരണപ്പെട്ട് ഒരുമാസം തികയുന്നതിന് മുന്‍പാണ് എംടിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. എംടിക്ക് മരണാനന്തര ബഹുമതിയായാണ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കുക.

എംടി വാസുദേവന്‍ നായര്‍ക്ക് പുറമേ മറ്റ് മലയാളികളും പുരസ്‌കാര പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. നടി ശോഭനയ്ക്കും ഹോക്കി ഇതിഹാസം പിആര്‍ ശ്രീജേഷിനും പത്മഭൂഷണ്‍ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. ഐഎം വിജയന്‍, ഡോ. കെ ഓമന തുടങ്ങിയ മലയാളികള്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്ഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

ഇത്തവണ പത്മ പുരസ്‌കാരങ്ങളില്‍ മലയാളികള്‍ ശ്രദ്ധേയമായ നേട്ടം തന്നെയാണ് കൈവരിച്ചത്. ആകെ ഏഴ് പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് വൈകീട്ടോടെയാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. ആദ്യം പത്മശ്രീ നേടിയവരുടെ പട്ടികയാണ് പുറത്തിറക്കിയത്. എംടി വാസുദേവന്‍ നായര്‍ക്ക് പുറമേ മറ്റ് രണ്ട് പേര്‍ക്ക് കൂടി മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരിച്ച പ്രമുഖ ഗായകന്‍ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കും. അന്തരിച്ച ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിക്കും മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജ്ഞാനപീഠ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുള്ള മഹാനായ എഴുത്തുകാരനായ എംടി വാസുദേവന്‍ നായര്‍ക്ക് അടുത്തിടെയാണ് കേരളം യാത്രാമൊഴി നല്‍കിയത്. സാഹിത്യത്തിലെ മഹാരഥന്‍ എന്നതിലുപരി സിനിമയില്‍ തിരക്കഥ കൊണ്ടും സംവിധാനം കൊണ്ടും വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. ദേശീയ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here