6 വർഷത്തെ പ്രണയം; റഷ്യൻ-യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്നെത്തിയവർ അമൃതപുരിയിൽ വിവാഹിതരായി

Advertisement

കൊല്ലം: ശത്രുരാജ്യങ്ങൾക്കിടയിലെ വിദ്വേഷവും തർ‍ക്കവും അലിഞ്ഞില്ലാതായി ഇഷ്ടവും പ്രണയവുമായി മാറിയതോടെ റഷ്യൻ-യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്നെത്തിയവർ അമൃതപുരിയിൽ വിവാഹിതരായി. യുക്രെയ്നിലെ കീവ് സ്വദേശിയായ സാഷയും റഷ്യയിലെ മോസ്കോ സ്വദേശിനിയായ ഒള്യയുമാണ് മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിൽ വിവാഹിതരായത്.

യൂറോപ്യൻ സന്ദർശന വേളയിലാണ് രണ്ടുപേരും മാതാ അമൃതാനന്ദമയിയെ നേരിൽ കാണുന്നത്. പിന്നീട് അതൊരു പതിവായതോടെ രണ്ടുപേരും പലപ്പോഴായി ആശ്രമത്തിലെത്തി. സേവന പ്രവർത്തനങ്ങളിലും ആധ്യാത്മിക പഠനത്തിലും ഏർപ്പെടുകയും സാഷ ശാശ്വത് എന്നും ഒള്യ സാവിത്രി എന്നും പേരുകൾ സ്വീകരിക്കുകയും ചെയ്തു.

2019 ൽ ആണ് ഇരുവരും പരിചയപ്പെടുന്നത്. ആ പരിചയം പതുക്കെ പ്രണയത്തിനു വഴിമാറുകയായിരുന്നു. സ്വദേശത്തേക്ക് മടങ്ങിയപ്പോഴും ഇരുവരും ബന്ധം തുടർന്നെങ്കിലും ഇരു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിയിലെ സംഘർഷവും കോവിഡ് കാലഘട്ടവും വെല്ലുവിളി സൃഷ്ടിച്ചു. 2023ൽ റഷ്യൻ–യുക്രെയ്ൻ യുദ്ധം തീവ്രമായപ്പോഴാണ് ഇരുവരും അമൃതപുരിയിലേക്ക് തന്നെ തിരിച്ചു വന്നത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ 23ന് വിവാഹിതരായി.

അമൃത സർവകലാശാലയിലെ അമ്മച്ചി ലാബിൽ ഗവേഷണ വിദ്യാർഥിയാണ് ശാശ്വത്. യുദ്ധ മേഖലയിലുള്ളവർ അനുഭവിക്കുന്ന മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഓഫ് ലൈൻ ഓൺലൈൻ കൗൺസിലിങ്ങിനും ശാശ്വത് നേതൃത്വം നൽകുന്നുണ്ട്. ആശ്രമ പ്രവർത്തനത്തോടൊപ്പം മനഃശാസ്ത്ര പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സാവിത്രി. ഈയൊരു വിവാഹ മുഹൂർത്തം ഒരു വലിയ സന്ദേശമാണെന്നും ലോകത്തുള്ള എല്ലാ സംഘർഷങ്ങളും യുദ്ധങ്ങളും അവസാനിക്കാൻ എല്ലാവരും പ്രാർഥിക്കണമെന്നും മാതാ അമൃതാനന്ദമയി വധൂവരന്മാരെ ആശീർവദിച്ചു പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here