കേരളത്തിനു സാമ്പത്തികാരോഗ്യം പോരെന്ന് നിതി അയോഗ്

Advertisement

ന്യൂഡൽഹി; സംസ്ഥാനങ്ങളുടെ സാമ്പത്തികനില വിലയിരുത്താനായി നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തികഭദ്രതാ സൂചികയിൽ (ഫിസ്കൽ ഹെൽത്ത് ഇൻഡക്സ്) 18 പ്രധാന സ്ഥാനങ്ങളുടെ നിരയിൽ കേരളം 15–ാമത്. ഏറ്റവും പിന്നിലുള്ള നാല് സംസ്ഥാനങ്ങളിലൊന്നാണ് (ആസ്പിറേഷനൽ) കേരളം.

ഒഡീഷ, ഛത്തീസ്ഗഡ്, ഗോവ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ. ഏറ്റവും പിന്നിൽ കേരളത്തിനു പുറമേ പഞ്ചാബ്, ആന്ധ്രപ്രദേശ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ. 2022–23ലെ സാമ്പത്തികനിലയാണ് പരിഗണിച്ചിരിക്കുന്നത്. ധനവിനിയോഗത്തിലെ കാര്യക്ഷമത, വരുമാന സമാഹരണം, സാമ്പത്തിക അച്ചടക്കം, വായ്പയും സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനവും (ജിഎസ്‍ഡിപി) തമ്മിലുള്ള അനുപാതം (ഡെറ്റ് ഇൻഡക്സ്), കടം താങ്ങാനുള്ള പരിധി തുടങ്ങിയവ പരിഗണിച്ചാണ് സ്കോർ. ഒന്നാമതുള്ള ഒഡീഷയ്ക്ക് 67.8 പോയിന്റ് ആണെങ്കിൽ കേരളത്തിന്റെ സ്കോർ 25.4 ആണ്. നൂറിലാണ് സ്കോറിങ്.

കേരളം, പഞ്ചാബ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞ 9 വർഷമായി സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ 2022 വരെ ഇതേ റാങ്കിങ് ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ ശരാശരി റാങ്ക് 16 ആകുമായിരുന്നു.

സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ആസൂത്രണത്തിന് ഉപകരിക്കുന്ന റിപ്പോർട്ട് ഇനിയെല്ലാ വർഷവും പുറത്തിറക്കുമെന്ന് നിതി ആയോഗ് സിഇഒ ബി.വി.ആർ.സുബ്രഹ്മണ്യം പറഞ്ഞു.

കേരളത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ

∙ ഒരു സംസ്ഥാനത്തിന് എത്ര കടം താങ്ങാനാകുമെന്നു നിർണയിക്കുന്നത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) എത്ര ശതമാനം കടമുണ്ടെന്നു നോക്കിയാണ്. ജിഎസ്ഡിപി– കടം അനുപാതം 2018–19ൽ 30.7 ശതമാനമായിരുന്നത് 2022–23ൽ 37.6 ശതമാനമായി വർധിച്ചു. സാമൂഹിക ക്ഷേമ പദ്ധതികളിലെ ഗണ്യമായ വിനിയോഗവും നികുതിപിരിവിലെ പ്രതിബന്ധങ്ങളും സമ്മർദം വർധിപ്പിച്ചു.

∙ 2021–22ൽ റവന്യു വരവിന്റെ 20% പലിശയടയ്ക്കുന്നതിനാണ് ചെലവിട്ടത്. 2022–23ൽ ഇത് 19%. ഇത് ആശങ്കയ്ക്ക് വക നൽകുന്നു. ധനക്കമ്മി കുറച്ചുകൊണ്ടുള്ള സാമ്പത്തിക അച്ചടക്ക രീതികൾ സംസ്ഥാന പിന്തുടരണം. ധനക്കമ്മി 2021–22ൽ 5 ശതമാനമായിരുന്നത് 2022–23ൽ 2.5 ശതമാനമാക്കി കേരളം കുറച്ചിരുന്നു.

∙ വികസന പദ്ധതികളുടെ മൂലധനച്ചെലവിലെ (ക്യാപെക്സ്) വാർഷിക വർധന 1.4 ശതമാനമായി 2022–23ൽ കുറഞ്ഞു.

∙ ആരോഗ്യമേഖലയിലെ ധനവിനിയോഗം മറ്റ് 17 സംസ്ഥാനങ്ങളിൽ ശരാശരി 5.6% മാത്രമെങ്കിൽ കേരളത്തിലിത് 6.4 ശതമാനമാണ്. വിദ്യാഭ്യാസമേഖലയിൽ കേരളം ചെലവഴിക്കുന്നത് 14%. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി 14.9%.

∙ 2022–23ൽ സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽ 26.5% വർധനയുണ്ടായി. ജിഎസ്ടി വഴിയുള്ള തുകയാണ് നികുതി വരുമാനത്തിൽ മുഖ്യപങ്കും. നികുതിയേതര വരുമാനത്തിൽ 44.5 ശതമാനമെന്ന ഗണ്യമായ വർധനയുമുണ്ടായി. ലോട്ടറിയിൽ നിന്നുള്ള വരുമാനമാണ് പ്രധാനം.

കേരളത്തിന്റെ സ്കോർ (ബ്രാക്കറ്റിൽ വിഭാഗം)

∙ ധനവിനിയോഗം: 4.2 (ആസ്പിറേഷനൽ)

∙ വരുമാനസമാഹരണം: 54.2 (ഫ്രണ്ട് റണ്ണർ)

∙ സാമ്പത്തിക അച്ചടക്കം: 34 (പെർഫോമർ)

∙ ജിഎസ്ഡിപി–കടം അനുപാതം: 23.1 (ആസ്പിറേഷനൽ)

∙ കടം താങ്ങാനുള്ള പരിധി: 11.3 (ആസ്പിറേഷനൽ)

(അച്ചീവർ, ഫ്രണ്ട് റണ്ണർ, പെർഫോമർ, ആസ്പിറേഷനൽ എന്നിങ്ങനെയാണ് 4 വിഭാഗങ്ങൾ.)

റാങ്കിങ് ഇങ്ങനെ (ബ്രാക്കറ്റിൽ സ്കോർ)

1) ഒഡീഷ (67.8)

2) ഛത്തീസ്ഗഡ് (55.2)

3) ഗോവ (53.6)

4) ജാർഖണ്ഡ് (51.6)

5) ഗുജറാത്ത് (50.5)

6) മഹാരാഷ്ട്ര (50.3)

7) ഉത്തർ പ്രദേശ് (45.9)

8) തെലങ്കാന (43.6)

9) മധ്യപ്രദേശ് (42.2)

10) കർണാടക (40.8)

11) തമിഴ്നാട് (29.2)

12) രാജസ്ഥാൻ (28.6)

13) ബിഹാർ (27.8)

14) ഹരിയാന (27.4)

15) കേരളം (25.4)

16) ബംഗാൾ (21.8)

17) ആന്ധ്രപ്രദേശ് (20.9)

18) പഞ്ചാബ് (10.7)

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here