ബാലരാമപുരം: മകനെ വിദേശത്തേക്ക് യാത്രയാക്കാൻ വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന സിമന്റ് ലോറിക്ക് പിന്നിലിടിച്ച് നെയ്യാറ്റിൻകര മാരായമുട്ടം വടകര വിളയിൽ വീട്ടിൽ സ്റ്റാൻലി (65) മരിച്ചു. വെള്ളി രാത്രി 12.30 മണിയോടെ കരമന–കളിയിക്കാവിള പാതയിൽ ബാലരാമപുരം എസ്ബിഐക്ക് മുന്നിലാണ് അപകടം. കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ നാല് പേർക്കും പരുക്കേറ്റു. കാർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ബാലരാമപുരം പൊലീസും ചേർന്നാണ് ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. സ്റ്റാൻലിയുടെ മകൻ അജിത്തിന്റെ ഭാര്യ ആലീസ്, മക്കൾ ജുബിയ, അലൻ, കാർ ഓടിച്ചിരുന്ന അനീഷ്(37)എന്നിവർക്കാണ് പരുക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. മകൻ അജിത്തിനെ യാത്രയാക്കി മടങ്ങവെയാണ് അപകടം. സംഭവമറിഞ്ഞ് അജിത്ത് യാത്ര റദ്ദാക്കി. സ്റ്റാൻലിയുടെ ഭാര്യ: ബേബി. മറ്റൊരു മകൾ: സന്ധ്യ. മരുമകൻ: ജോൺസൺ.