തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും ബിയറിനും വൈനിനും വില കൂടും. വില വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10 ശതമാനം വിലവര്‍ധനയാണ് ഒരു കുപ്പിയിലുണ്ടാകുക. സ്പിരിറ്റ് വില വര്‍ധിച്ചതോടെയാണ് മദ്യത്തിന് വില കൂട്ടണം എന്ന് കമ്പനികള്‍ ആവശ്യപ്പെട്ടത്.
ബെവ്കോയും മദ്യ കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോണ്‍ട്രാക്ട്’ അനുസരിച്ചാണ് സംസ്ഥാനത്ത് മദ്യ വില നിശ്ചയിക്കുന്നത്. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുന്നത്. പുതുക്കിയ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കിയിരുന്നു. 62 കമ്പനികളുടെ 341 ബ്രാന്റുകള്‍ക്കാണ് വില വര്‍ധിക്കുന്നത്. അതേസമയം 45 കമ്പനികളുടെ 107 ബ്രാന്റുകള്‍ക്ക് വില കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം ചില ബ്രാന്‍ഡുകളുടെ വിലയില്‍ മാറ്റമുണ്ടായിരിക്കില്ല. എല്ലാ വര്‍ഷവും വില വര്‍ധിപ്പിക്കണം എന്ന് കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ കമ്പനികളുടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ വില കൂട്ടി നല്‍കും. നിലവില്‍ കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചര്‍ച്ച നടത്തിയുമാണു വില പരിഷ്‌കരിച്ചത് എന്ന് ബെവ്കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിന്റെ വില വര്‍ധിപ്പിച്ച് കൊണ്ടുള്ള തീരുമാനം വരുന്നത്. ജനപ്രിയ ബിയറുകള്‍ക്ക് 20 രൂപ വരെ കൂടിയപ്പോള്‍ 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയില്‍ വിറ്റിരുന്ന പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. ഇതോടെ 640 രൂപയുടെ ജവാന് ഇനി 650 രൂപ നല്‍കണം.
ഓള്‍ഡ് പോര്‍ട് റമ്മിന്റെ വില 30 രൂപ കൂടിയതോടെ 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. എം എച്ച് ബ്രാന്‍ഡിക്ക് 1040 രൂപയായിരുന്നു വില. ഇത് 1050 രൂപയായി വര്‍ധിച്ചു. 1350 രൂപയായിരുന്ന മോര്‍ഫ്യൂസ് ബ്രാന്‍ഡിയുടെ വില 1400 രൂപയായും വര്‍ധിച്ചു. 2022 നവംബറില്‍ മദ്യത്തിന്റെ വില്‍പന നികുതി 4% വര്‍ധിപ്പിച്ചിരുന്നു. 2023-24ലെ ബജറ്റില്‍ സെസും ഏര്‍പ്പെടുത്തിയിരുന്നു.
500-999 രൂപ വിലയുള്ള കുപ്പിക്ക് 20 രൂപയും 1000 ന് മുകളിലേക്കു വിലയുള്ള കുപ്പിക്ക് 40 രൂപയുമാണ് സെസ് ഏര്‍പ്പെടുത്തിയിരുന്നത്.