മലയാള പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫിക്ക് വിട നൽകി സിനിമാലോകം. ഭൗതിക ശരീരം എറണാകുളം കറുകപ്പിള്ളി ജുമാ മസ്‌ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി 16 മുതൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം.
എം.എച്ച്. റഷീദ് എന്നാണ് യഥാർത്ഥ പേര്. 57 വയസായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ 10 മുതൽ കലൂരിൽ പൊതുദർശനമുണ്ടായിരുന്നു. നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, മനോജ് കെ ജയൻ, ഷമ്മി തിലകൻ, മണിക്കുട്ടൻ, സിദ്ദിഖ്, ലാൽ, വിനീത്, നടിമാരായ ജോമോൾ, പൊന്നമ്മ ബാബു, സംവിധായകരായ സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രിയ സംവിധായകന് അന്തിമോപചാരം അർപ്പിച്ചു.
മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യ സിനിമകളിലൂടെ ജനമനസുകൾ കവർന്ന റാഫി – മെക്കാർട്ടിൻ സംവിധായക ജോഡിയിലെ റാഫി മൂത്ത സഹോദരനാണ്.