തിരുവനന്തപുരം. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച റേഷൻ വ്യാപാരികൾക്ക് മുന്നറിയിപ്പുമായി ഭക്ഷ്യവകുപ്പ്. ഭക്ഷ്യധാന്യങ്ങൾ നിഷേധിച്ചാൽ റേഷൻകടകളിൽ നിന്ന് ധാന്യങ്ങൾ തിരിച്ചെടുക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കടകൾക്ക് ലൈസൻസ് കൊടുക്കുന്നത് സർക്കാരാണ്. ഗുണഭോക്താക്കൾക്ക് ധാന്യങ്ങൾ നിഷേധിച്ചാൽ ഫുഡ് സെക്യൂരിറ്റി അലവൻസ് വ്യാപാരികൾ നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
രണ്ടു ഘട്ടങ്ങളിലായി നടന്ന മന്ത്രി തല ചർച്ചയിൽ തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് സമരത്തിലേക്ക് പോകാനുള്ള റേഷൻ വ്യാപാരികളുടെ തീരുമാനം. എന്നാൽ അതിന് ശക്തമായ മുന്നറിയിപ്പുമായി ഭക്ഷ്യവകുപ്പ് രംഗത്തെത്തി. സമരവുമായി മുന്നോട്ടു പോയാൽ റേഷൻകടകൾ ഏറ്റെടുക്കുന്ന നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് മന്ത്രി ജി ആർ അനിൽ
ഗുണഭോക്താക്കൾക്ക് ധാന്യങ്ങൾ നിഷേധിച്ചാൽ ഫുഡ് സെക്യൂരിറ്റി അലവൻസ് വ്യാപാരികൾ നൽകേണ്ടി വരും. വേതന പാക്കേജ് പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ച അടഞ്ഞ അധ്യായം അല്ലെന്നും ഇനിയും ചർച്ചകൾ ആകാമെന്നും വ്യാപാരികളോട് മന്ത്രി പറഞ്ഞു. സമരത്തിൽനിന്ന് വ്യാപാരികൾ പിന്മാറണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. നാളെ മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിട്ട് സമരം നടത്താനാണ് വ്യാപാരികളുടെ തീരുമാനം.