മാനന്തവാടി∙ ആടിനെപ്പോലും പിടിക്കാൻ ശേഷിയില്ലാത്തവിധം പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയ്ക്ക് പരുക്കേറ്റിരുന്നുവെന്ന് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവ് പ്രത്യക്ഷത്തിൽ തന്നെ കാണാമായിരുന്നുവെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു.
ഇന്നലെ രാത്രി കടുവയെ ആർആർടി സംഘം കണ്ടു. എന്തോ തിന്നുകയായിരുന്ന കടുവ, സംഘത്തെ കണ്ടെങ്കിലും എങ്ങോട്ടും പോകാതെ അവിടെ തന്നെ തുടർന്നു. എന്നാൽ വെടിവയ്ക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. തുടർന്ന് അൽപനേരത്തിനു ശേഷം കടുവ ഇവിടെ നിന്നും പോയി. ആർആർടി സംഘം പരിശോധിച്ചപ്പോൾ കോഴിമാലിന്യം പോലെ എന്തോ ആണ് കടുവ തിന്നുകൊണ്ടിരുന്നത്. അതിൽ നിന്നു തന്നെ കടുവ തീർത്തും അവശനാണെന്ന് മനസ്സിലായി.
ആടിനെയോ പശുവിനെയോ പിടിക്കാൻ സാധിക്കാത്തവിധം ക്ഷീണിതയായതുകൊണ്ടായിരിക്കാം മാലിന്യം തിന്നുന്ന നിലയിലേക്ക് എത്തിയത്. തുടർന്ന് ഇന്ന് പുലർച്ചെ മയക്കുവെടിവയ്ക്കാമെന്ന ഉദ്ദേശത്തോടെ സർവ സജ്ജീകരണങ്ങളുമായി സംഘം വനത്തിലേക്കു കയറി. കടുവയുടെ കാൽപ്പാട് പരിശോധിച്ചു പോയപ്പോഴാണ് ചത്തുകിടക്കുന്നത് കണ്ടത്. കഴുത്തിലെ മാരകമായ പരുക്ക് തന്നെയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ കാരണം പറയാൻ സാധിക്കൂ എന്നും മാർട്ടിൻ ലോവൽ പറഞ്ഞു.
കടുവകൾ സാധാരണ മനുഷ്യനെ ഭക്ഷിക്കാറില്ല. കാട്ടിൽ ഇരപിടിക്കാനാകാതെ പുറത്തുവരുന്ന കടുവകളാണെങ്കിലും ആദ്യം പശുവിനെയോ ആടിനെയോ ആയിരിക്കും പിടിക്കുക. അതിനും ഗതിയില്ലാത്ത കടുവകളാണ് മനുഷ്യനെ പിടിക്കുക. മനുഷ്യനെപ്പിടിക്കാൻ പോലും സാധിക്കാതെ വന്നതോടെയാണ് മാലിന്യം തിന്നേണ്ടുന്ന ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്ക് പഞ്ചാരക്കൊല്ലിയിലെ കടുവ എത്തിയത്.
പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയപ്പോൾ കഴുത്തിൽ നിന്ന് രക്തവും വെള്ളവും ഒഴുകുന്ന നിലയിലായിരുന്നു. കഴിഞ്ഞ രാത്രി ആർആർടി സംഘത്തെ കണ്ടപ്പോൾ മാറിപ്പോകാൻ സാധിക്കാത്ത വിധം അവശനായിരുന്നു. കടുവ അധികം ദൂരം പോകില്ലെന്നും ഇന്ന് തന്നെ കടുവയെ വെടിവയ്ക്കാമെന്നും വനംവകുപ്പ് ഉറച്ചു. എന്നാൽ വെടിയേൽക്കാൻ നിൽക്കാതെ കടുവ ചത്തു.
പിലാക്കാവ്, പഞ്ചാരക്കൊല്ലി, തറാട്ട് പ്രദേശങ്ങളെ മൂന്നു ദിവസമാണ് കടുവ മുൾമുനയിൽ നിർത്തിയത്. മനുഷ്യമാംസം കടുവയ്ക്ക് ഇഷ്ടപ്പെട്ടാൽ പിന്നീട് കടുവ മനുഷ്യനെ മാത്രമായിരിക്കും പിടിക്കുക. വെള്ളിയാഴ്ച രാധയെ കൊന്നശേഷം കടുവ അടുത്ത ദിവസങ്ങളിലൊന്നും ആടിനെയോ പശുവിനെയോ പിടിച്ചില്ല. വനത്തിൽ പരിശോധന നടത്തിയ വനപാലകരും മൃഗാവശിഷ്ടങ്ങൾ കണ്ടില്ല. മറ്റു മൃഗങ്ങളെ ഒന്നും കൊല്ലാതെ വന്നതോടെ കടുവയുടെ ലക്ഷ്യം മനുഷ്യനാണെന്ന വിലയിരുത്തലുണ്ടായി. ഇതിനിടെ ഞായറാഴ്ച ആർആർടി ജീവനക്കാരൻ ജയസൂര്യയെ ആക്രമിക്കുകയും ചെയ്തു. ഇതോടെ കടുവയെ വെടിവച്ചു കൊല്ലുക എന്നല്ലാതെ മറ്റുപോംവഴിയില്ലെന്ന തീരുമാനത്തിലെത്തി.
തിങ്കളാഴ്ച മുതൽ പ്രദേശങ്ങളിൽ 48 മണിക്കൂർ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. കടകൾ ഉൾപ്പെടെ തുറക്കരുതെന്നും ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ഉത്തരവിട്ടു. ഇതോടെ ആളുകൾ കൂടുതൽ ഭയാശങ്കയിലായി. എന്നാൽ ആ ആശങ്കകൾക്ക് അധികം ആയുസ്സുണ്ടായില്ല. കടുവയുടെ ആയുസ്സ് തീർന്നതോടെ ആശങ്കകൾക്കും വിരാമമായി.