ന്യൂസ് അറ്റ് നെറ്റ്: ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ

Advertisement

2025 ജനുവരി 27 തിങ്കൾ, 10.30 pm

🙏സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സംവിധായകൻ സനിൽകുമാർ ശശിധരനെതിരെ കേസ്സെടുത്തു.

🙏എലപ്പുള്ളിയിലെ മദ്യനിർമാണശാല അനുമതി റദ്ദാക്കണമെന്ന് എൽ ഡി എഫിൽ ആവശ്യം ഉന്നയിക്കുമെന്ന് സി പി ഐ.

🙏പാലക്കാട് കാഞ്ഞിരപ്പുഴയിൽ കടുവയുടെ ആക്രമണമെന്ന പരാതിയിൽ വനം വകുപ്പ് പരിശോധന നടത്തുന്നു.

🙏 വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി .പിലാക്കാവ്- പഞ്ചാര കൊല്ലി റോഡിലെ പണ്ട്യത്തും പറമ്പില്‍ റിജോയുടെ വീടിനോട് ചേര്‍ന്നാണ് നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

🙏 പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരന്‍ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ അജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയല്‍വാസിയുമായ ചെന്താമരയാണ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്.

🙏 അനിശ്ചിതകാല സമരം നടത്തുന്ന റേഷന്‍ വ്യാപാരികളുമായി വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ റേഷന്‍ വ്യാപാരികളെ ചര്‍ച്ചക്ക് വിളിച്ചു. സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി.

🙏 സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മദ്യവിലയില്‍ മാറ്റം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വര്‍ധിക്കും. വിവിധ ബ്രാന്റുകള്‍ക്ക് പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുന്നത്.

🙏 കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണം പൂര്‍ത്തിയായെന്ന് ഇഡി. ഒരു മാസത്തിനകം കേസില്‍ കുറ്റപത്രം നല്‍കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

🙏ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

🙏 പരാതിക്കാരനൊപ്പമെത്തിയ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൊലീസുകാരനെ സസ്പെന്റ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.

🙏 അധ്യാപക നിയമനത്തിന് മാനേജ്മെന്റ് ഒരു കോടി രൂപവരെ കൈക്കൂലി വാങ്ങുന്നുവെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ഇത് തടയാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🙏 ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതി നാരായണ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

🙏 തിരുവനന്തപുരം പ്രസ് ക്ലബ് ഓണററി അംഗവും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്‌കരന്‍ (77) അന്തരിച്ചു. തിരുവനന്തപുരം മാഞ്ഞാലിക്കുളം ധര്‍മ്മാലയം റോഡ് അക്ഷയയിലായിരുന്നു താമസം.

🙏 പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. നടന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.

🙏 താമരശ്ശേരിയില്‍ ജയിലില്‍ നിന്നും ഇറങ്ങിയ ആളെ ആള്‍ക്കൂട്ടം മര്‍ദിച്ചെന്ന് പരാതി. പെരുമ്പള്ളി സ്വദേശി കുഞ്ഞുമൊയ്തീനാണ് മര്‍ദനമേറ്റത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.

🙏 റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന ആഘോഷപരിപാടികള്‍ക്കിടെ കരിമരുന്ന് സൂക്ഷിച്ചിരുന്ന രണ്ടു ബോട്ടുകള്‍ക്ക് തീപിടിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളുടെ നില അതീവ ഗുരുതരമാണ്.

🙏 സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് കൊല്‍ക്കത്ത പൊലീസ്.

🙏 കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഓം പ്രാകാശ് സിങ് (42), ഭാര്യ പൂര്‍ണിമ (34), മകള്‍ അഹാന (12), മകന്‍ വിനായക് (4) എന്നിവരെയാണ് ലക്ക്നൗ-ആഗ്ര എക്സ്പ്രസ് ഹൈവേയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

🙏 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് രാവിലെ ഉണ്ടായ കനത്ത മൂടല്‍മഞ്ഞില്‍ 15 ട്രെയിനുകള്‍ വൈകിയോടി. മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് ദൃശ്യപരത കുറഞ്ഞിരുന്നു.

🙏 പൂനെയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 68 സ്ത്രീകളും 33 പുരുഷന്‍മാരുമാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

🙏 ലുഫ്താന്‍സ വിമാനത്തില്‍ പ്രായമായ ദമ്പതികള്‍ക്കുണ്ടായ ദുരനുഭവത്തെത്തുടര്‍ന്ന് വിമാനക്കമ്പനിക്ക് പിഴ ചുമത്തി ചെന്നൈ കോടതി. 2023 ജൂണ്‍ 12 നാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. വിമാനക്കമ്പനി വരുത്തിയ ഗുരുതരമായ വീഴ്ച്ചയ്ക്കാണ് പിഴ ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here