കൊച്ചി. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി ഒരു വർഷത്തിലധികമായി നടത്തിവന്ന നിയമ പോരാട്ടങ്ങളാണ് ഫലപ്രാപ്തിയിൽ എത്തുന്നത്. ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ നീതി പടിവാതിൽക്കൽ എത്തി എന്ന പ്രതീക്ഷയിലാണ് ഷീല സണ്ണി. കേസിലെ പ്രതി നാരായണത്തിനോട്
ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്
വ്യാജ ലഹരി കേസിൽ കുടുക്കിയതിനെത്തുടർന്ന് നിരപരാധിയായ ഒരു സ്ത്രീയെ 72 ദിവസമാണ് ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായ ഷീലാസണ്ണിയെ ജയിലിൽ അടച്ചത്. കേസിലെ ഫോറൻസിക് ഫലമാണ് നിരപരാധിയാണെന്ന് സത്യം പുറംലോകത്തെ അറിയിച്ചത്. അപ്പോഴും ഫോറൻസിക് ഫലമടക്കം മറച്ചുവെക്കാൻ എക്സൈസ് വകുപ്പ് ശ്രമിച്ചു. മാധ്യമ ഇടപെടൽ എക്സൈസിന്റെ പൊള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരികയായിരുന്നു. പിന്നാലെ ഒരു വർഷത്തിലധികം നീണ്ട നിയമ പോരാട്ടം. ആ കേസിലാണ് മുഖ്യപ്രതിയായ എൻ എം നാരായണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. വിഷലിപ്തമായ പ്രവൃത്തിയാണ് പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. വ്യാജ ആരോപണം ജീവിതം തന്നെ ഇല്ലാതാക്കും. നിരപരാധിയായ ഒരു സ്ത്രീയെ 72 ദിവസം ജയിലിൽ അടച്ചതിന് ആര് നഷ്ടപരിഹാരം നൽകുമെന്നും കോടതി ചോദിച്ചു. കള്ളക്കേസിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ ആഴത്തിലുള്ള അന്വേഷണംവേണം. പ്രതി ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണം. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച് നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കാനും നിർദേശമുണ്ട്. കള്ളക്കേസുകളുടെ കാര്യത്തില്‍ നിലവിലെ ശിക്ഷ പര്യാപ്തമാണോയെന്ന് പാര്‍ലമെന്റ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട കോടതി, കേസിൽ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു. ഷീലാ സണ്ണിയെ കുടുക്കാന്‍ ബന്ധുവിന് സ്റ്റാമ്പ് കൈമാറുകയും എക്സൈസ് ഉദ്യോഗസ്ഥനായ സതീശന് വിവരം കൈമാറുകയും ചെയ്തത് നാരായണ ദാസ് ആണെന്ന് എക്സൈസ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അന്വേഷണസംഘം അറസ്റ്റിലേക്ക് നീങ്ങുമെന്ന സൂചന വന്നതിന് പിന്നാലെയാണ് നാരായണ ദാസ് മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തിയത്.