പാലക്കാട്. ഭീഷണിയുണ്ടെന്ന പരാതിക്കാരുടെ വാക്ക് വിലവച്ചിരുന്നെങ്കില്‍ രണ്ടു ജീവന്‍ കൊലക്കത്തിക്കിരയാകുമായിരുന്നില്ലെന്ന് നാട്ടുകാര്‍. ചെന്താമരയെപ്പോലെ കൊടുംക്രിമിനലിനെ പരാതിക്കാരുടെ ഇടയില്‍ ജീവിക്കാന്‍ അനുവദിച്ച നിയമ സംവിധാനത്തിനെതിരെ നാടിന്‍റെ പ്രതിഷേധം കനക്കുകയാണ്. .കടുത്ത അന്ധവിശ്വാസത്തിന് അടിമയായിരുന്നു ചെന്താമര. ഭാര്യ പിണങ്ങി പോകാൻ കാരണം മുടി നീട്ടി വളർത്തിയ യുവതിയാണ് എന്ന് ജ്യോത്സ്യൻ പറഞ്ഞതാണ് നെന്മാറയിൽ മൂന്ന് ജീവൻ അപഹരിക്കുന്നതിലേക്ക് നയിച്ചത്. നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലം പ്രകടിപ്പിച്ച ചെന്താമര സ്വന്തം ഭാര്യയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു വെന്ന് ചെന്താമരയുടെ ബന്ധു വെളിപ്പെടുത്തി.
ചെന്താമരയുടെ കുടുംബം തകർന്നതിന് പിന്നിൽ മുടി നീട്ടി വളർത്തിയ ഒരു യുവതിയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അത് വിശ്വസിച്ച ചെന്താമര തൊട്ടടുത്ത വീട്ടിലെ സജിതയെ സംശയിച്ചു. സജിത ഫോണിൽ സംസാരിക്കുമ്പോൾ അത് തന്റെ ഭാര്യയോട് ആണെന്ന് കരുതി. ജോത്സ്യൻ്റെ വാക്കു വിശ്വസിച്ച് സജിതയുടെ കുടുംബത്തെ നശിപ്പിക്കാനായി മനസ്സിൽ വൈരാഗ്യം ഊട്ടി ഉറപ്പിക്കുകയായിരുന്നു.
2019 ൽ സജിതയെ കൊലപ്പെടുത്തിയെങ്കിലും അടങ്ങാത്ത പകയുമായി നടന്നാണ് സുധാകരനെയും, അമ്മയെയും വീണ്ടും കൊലപ്പെടുത്തിയത്.
ചെന്താമര നേരത്തെ സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി ബന്ധുക്കൾ വെളിപ്പെടുത്തി. കൊടുവാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചതോടെയാണ് ഭാര്യ ഉപേക്ഷിച്ചു പോയതെന്നും ബന്ധുക്കൾ പറയുന്നു.
ഭാര്യയെ നിരന്തരം ചെന്താമര ആക്രമിക്കുമായിരുന്നുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തുന്നു.