തിരുവനന്തപുരം ‘ വസ്തു തരം മാറ്റുന്നതിന് കൈക്കൂലി:- വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.
തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ ഡി വിജയകുമാറിനെയാണ് വസ്തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് വിജിലൻസ് പിടികൂടിയത്.
തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ സ്വദേശിയായ പരാതിക്കാരന്റെ പേരിൽ പഴയകുന്നുമ്മേൽ വില്ലേജ് പരിധിയിൽപെട്ട 34 സെന്റ് വസ്തു ഡാറ്റാ ബാങ്കിൽ വയൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസം ഓൺ ലൈനിൽ അപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിലെയും നടപടികൾക്ക് ശേഷം 2024 ജനുവരി മാസം തന്നെ ഫയൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിൽ എത്തിയെങ്കിലും, വില്ലേജ് ഓഫീസർ കളക്ടറേറ്റിലേക്ക് റിപ്പോർട്ട് സഹിതം മടക്കി അയച്ചിരുന്നില്ല. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പരാതിക്കാരൻ വിവരം അന്വേഷിച്ച് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ വില്ലേജ് ഓഫീസറായ വിജയകുമാർ പരാതിക്കാരനിൽ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. തുടർന്ന് പരാതിക്കാരൻ ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ നേരിൽ കണ്ടപ്പോൾ 5,000 രൂപ കൂടി കൈക്കൂലി നൽകിയാലേ റിപ്പോർട്ട് കളക്ടറേറ്റിലേക്ക് അയക്കുകയുള്ളുവെന്ന് പറഞ്ഞു തിരികെ അയച്ചു. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് ദക്ഷിണ മേഖല പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ ഇന്ന് രാവിലെ 11.40 മണിയോടുകൂടി പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിന് സമീപത്തുവച്ച് പരാതിക്കാനിൽ നിന്നും 5,000/- രൂപ കൈക്കൂലി വാങ്ങവേ വിജയകുമാറിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.