പാലക്കാട് നെന്മാറയില് ക്രൂരമായ ഇരട്ടക്കൊലപാതകം നടത്തിയ പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പോലീസ്. ഇയാള്‍ ആത്മഹത്യ ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായും പാലക്കാട് എസ്പി അജിത് കുമാര്‍ പറഞ്ഞു. ചെന്താമര തിരുപ്പൂരില്‍ ഇല്ലെന്ന് ഉറപ്പിച്ചു. നെല്ലിയാമ്പതി മലയില്‍ തിരച്ചില്‍ തുടരും.
ചെന്താമരയുടെ ജാമ്യാപേക്ഷ പോലീസ് ശക്തമായി എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചശേഷം ജാമ്യവ്യവസ്ഥയില്‍ ഇളവുതേടിയപ്പോഴും എതിര്‍ത്തു. പക്ഷേ കോടതി ഇളവ് അനുവദിച്ചു . പൊലീസ് പ്രോസിക്യൂഷന് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ്പി പറഞ്ഞു.
അയല്‍വാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒളിവില്‍പ്പോയ ചെന്താമരയെക്കുറിച്ച് ഒരു ദിവസം പിന്നിട്ടിട്ടും ഒരു തുമ്പുമില്ല. നെല്ലിയാമ്പതി കാടിന് സമീപത്തും പാലക്കാട് ഉണ്ടെന്ന അഭ്യൂഹത്തില്‍ നഗരത്തിലും കോട്ടമൈതാനത്തും തിരഞ്ഞു. ആത്മഹത്യ ചെയ്തോ എന്ന സംശയത്തില്‍ ജലാശയങ്ങളില്‍ അഗ്നിരക്ഷാസേന പരിശോധിച്ചു. കെഡാവര്‍ നായയെ ഉപയോഗിച്ച് തിരച്ചില്‍ നടത്തും. മൊബൈല്‍ സിഡിആര്‍ പരിശോധിച്ച് വിവിധയിടങ്ങളില്‍ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.