തിരുവനന്തപുരം. കൊലക്കേസില്‍ ജയിലിലാകുന്ന ഒരു യുവതിക്ക് ഇത്രമാത്രം പിടിപാടുകളോ, വേണ്ട സമയത്തെല്ലാം പരോളും, സുഖ സൗകര്യങ്ങളും അത് വെളിയിലറിയുമ്പോള് സംഘര്‍ഷവും പിന്നെ കണ്ണൂരിലേക്ക് മാറ്റവും എന്നുവേണ്ട ജയിലിലെ കാരണവത്തിയായി വിലസിയ ഈ യുവതി ഒടുവില്‍ പുറത്തുവരാന്‍ മന്ത്രിസഭതന്നെ ചേരുന്നു. ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവ് നൽകിയത് മുൻഗണന ലംഘിച്ച് എന്ന സത്യം പുറത്തുവരുന്നു.
മൂന്ന് മാസം കൊണ്ടാണ് ജയിൽ ഉപദേശക സമിതി ശുപാർശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിയത്. 20 വർഷം ശിക്ഷ അനുഭവിച്ച രോഗികളുൾപ്പടെ അർഹരായവരെ പിന്തള്ളിയാണ് ഷെറിന് അനുകൂലമായി ഫയൽ നീങ്ങിയത്. ശിക്ഷാ കാലയളവിൽ പല ജയിലുകളിലും ഷെറിന് ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.
14 വർഷം ശിക്ഷ പൂർത്തിയാക്കിയെന്ന കാരണത്താലാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഷെറിന് മോചനം നൽകാനുള്ള മന്ത്രിസഭാ യോഗ തീരുമാനം. കണ്ണൂർ ജയിൽ ഉപദേശ സമിതി നൽകിയ ശുപാർശയിലാണ് നടപടി. 25 വർഷത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശ പരിഗണിക്കാതെയാണ് ഷെറിന് മാത്രമായി ഇളവ് കിട്ടിയത്.
ജയിലുകളിൽ ഷെറിന് കിട്ടിയ ആനുകൂല്യങ്ങളുടെ തുടർച്ചയാണ് വിടുതലും. എന്നാൽ 20 വർഷം വരെ തടവ് പൂർത്തിയായവർക്ക് ഈ ആനുകൂല്യം കിട്ടിയില്ല. ഇവരിൽ പലരും രോഗികളാണ്. മൂന്ന് മാസം മുമ്പാണ് കണ്ണൂർ ജയിൽ ഉപദേശക സമിതി ശുപാർശ നൽകിയത്. അതിവേഗം ശുപാർശ ജയിൽ ഡിജിപി വഴി മന്ത്രിസഭക്ക് മുന്നിലെത്തി. സാധാരണ ഇളവ് കൊടുക്കുമ്പോൾ പ്രതികളുടെ ജയിലിലെ പ്രവർത്തനവും പരിഗണിക്കാറുണ്ട്. എന്നാൽ താമസിച്ച ജയിലുകളിലെല്ലാം സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ഷെറിൻ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിട്ടും അതൊന്നും പരിഗണിച്ചില്ല. പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും ഷെറിന് അനുകൂലമായിരുന്നു. കാബിനറ്റിൽ ചില മന്ത്രിമാരുടെ പിന്തുണയും ഷെറിന് കിട്ടിയതായും സൂചനകളുണ്ട്. ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട കാമുകൻ ബാസിത് അലിയെ നല്ല നടപ്പ് പരിഗണിച്ച് തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ബാസിത് അലിയെ മോചനത്തിനായി പരിഗണിച്ചില്ല. മന്ത്രിസഭാ യോഗ ശുപാർശ ഗവർണ്ണർ കൂടി അംഗീകരിച്ചാലേ ഷെറിന് പുറത്തിറങ്ങാനാകൂ. അതേസമയം സ്ത്രീ തടവുകാരി എന്ന പരിഗണന മാത്രമേ ഷെറിന് നൽകിയിട്ടുള്ളുവെന്നാണ് സർക്കാരിൻറെ വിശദീകരണം.