ഒന്നര മാസത്തിനിടെ ഒന്‍പത് വീടുകളില്‍ നിന്ന് കവര്‍ന്നത് 25 പവനും ലക്ഷങ്ങളും; കരുനാ​ഗപ്പള്ളിക്കാരനായ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

Advertisement

കോഴിക്കോട്: താമരശ്ശേരിയില്‍ അടുത്തിടെയായി നടന്ന മോഷണ പരമ്പരയിലെ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി വിളയില്‍ സ്വദേശി പടിഞ്ഞാറ്റതില്‍ എ ഷാജിമോന്‍ എന്ന ഓന്തുഷാജിയെയാണ്(46) താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ സായൂജ് കുമാറും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വച്ചാണ് അറസ്റ്റ് നടന്നത്. താമരശ്ശേരിയിലെ മോഷണ പരമ്പരയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന സമാനമായ മോഷണ രീതികള്‍ നിരീക്ഷിച്ചും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലൂടെയാണ് ഷാജിമോൻ വലയിലായത്.

കോഴിക്കോട്ട് എത്തി ജില്ലയിലെ കാരന്തൂര്‍, കൊടുവള്ളി എന്നിവിടങ്ങളില്‍ വാടകക്ക് താമസിച്ചു വരികയായിരുന്ന ഇയാള്‍ രണ്ട് വര്‍ഷം മുന്‍പ് താമരശ്ശേരിയിലെ പൊടുപ്പില്‍ എന്ന സ്ഥലത്ത് സ്വന്തമായി വീട് വാങ്ങിയിരുന്നു. ഇവിടെ വെല്‍ഡിംഗ് ജോലിയും ആരംഭിച്ചു. കഴിഞ്ഞ നവംബറിലാണ് പ്രദേശത്ത് ആദ്യ മോഷണം നടക്കുന്നത്. ഒന്നര മാസങ്ങള്‍ക്കുള്ളില്‍ ഒന്‍പത് വീടുകളില്‍ നിന്നായി 25 പവന്‍ സ്വര്‍ണവും പണവും ഇയാള്‍ കവര്‍ന്നു. കോരങ്ങാട് മാട്ടുമ്മല്‍ ഷാഹിദയുടെ വീടിന്റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ച് പത്തര പവന്‍ സ്വര്‍ണവും പ്രദേശത്തുകാരിയായ ഷൈലജയുടെ വീട്ടില്‍ കയറി അരലക്ഷം രൂപയും താമരശ്ശേരി മഞ്ചട്ടി സ്വദേശിനി രമയുടെ വീട്ടില്‍ നിന്ന് ആറ് ഗ്രാം സ്വര്‍ണവും 20,000 രൂപയും മനോജിന്റെ വീട്ടില്‍ നിന്ന് ആറര പവന്‍ സ്വര്‍ണവും 3,60,000 രൂപയും കോരങ്ങാട് റംലയുടെ വീട്ടില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണവും 10,000 രൂപയും പ്രതി മോഷ്ടിച്ചു.

ജില്ലയില്‍ തന്നെയുള്ള പന്തീരാങ്കാവ്, പെരുമണ്‍പുറ, പെരുമണ്ണ, പട്ടേരി ക്രോസ് റോഡ്, കുരിക്കത്തൂര്‍, കുറ്റിക്കാട്ടൂര്‍, ആനശ്ശേരി, കൊടുവള്ളി, ചുണ്ടപ്പുറം എന്നിവിടങ്ങളിലെ വീടുകള്‍, അമ്പലങ്ങള്‍ എന്നിവിടങ്ങളിലും മോഷണം നടത്തിയതായി ഇയാള്‍ സമ്മതിച്ചു. 2015 മുതല്‍ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായി അന്‍പതോളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഷാജിമോന്റെ പെരുമാറ്റത്തില്‍ നാട്ടുകാര്‍ക്ക് സംശയം ഒന്നും തോന്നിയിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് സിസിടിവിയില്‍ പതിഞ്ഞ തന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഷാജിമോന്‍ ഊട്ടിയിലേക്ക് രക്ഷപ്പെട്ടു. അവിടെ നിന്ന് കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ആണ് ഗൂഡല്ലൂരില്‍ വച്ച് പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. താമരശ്ശേരി എസ്‌ഐ ആര്‍സി ബിജു, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ രാജീവ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍എം ജയരാജന്‍, പിപി ജിനീഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഷാജിമോനെ പിടികൂടിയത്.

Advertisement