Advertisement

പെരുമ്പാവൂരിൽ 2 ബം​ഗ്ലാദേശികൾ പിടിയിൽ, ജനുവരിയിൽ മാത്രം പിടിയിലായത് 7 പേർ; നാട്ടിലേക്കത്തിയത് ഇങ്ങനെ !

എറണാകുളം: മതിയായ രേഖകൾ ഇല്ലാതെ 2 ബംഗ്ലാദേശികൾ പിടിയിൽ. കോടനാട് പൊലീസാണ് ഇവരെ പിടികൂടിയത്. നേരത്തെയും ബംഗ്ലാദേശികളെ എറണാകുളം റൂറൽ പൊലീസ് പിടികൂടിയിരുന്നു. ഇതടക്കം ഈ മാസം മാത്രം എറണാകുളം റൂറൽ പൊലീസ് പിടിക്കൂടിയത് ഏഴ് ബംഗ്ലാദേശികളെയാണ്.

എറണാകുളം എസ് പിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ക്ലീൻ റൂറൽ എന്ന ഓപ്പറേഷൻ വഴിയാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ച്ച മുൻപ് പെരുമ്പാവൂരിലെ ബം​ഗാൾ കോളനിയിൽ നിന്ന് തസ്ലീമാ ബീ​ഗം എന്നൊരു സ്ത്രീയെ പിടികൂടിയിരുന്നു. ഈ യുവതിയിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് കുറെയധികം ബം​ഗ്ലാദേശികൾ ഇവിടെ പാർക്കുന്നുണ്ട് എന്ന വിവരം ലഭിച്ചത്. ഇതനുസരിച്ച് പൊലീസ് നടത്തിയ പരിശോധനകളിൽ നേരത്തെ 5 പേരെ പിടികൂടിയിരുന്നു. ഇതടക്കം ഏഴ് പേർ നിലവിൽ പിടിയിലായിട്ടുണ്ട്. പെരുമ്പാവൂർ, ഇടത്തല, കോടനാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ബംഗ്ലാദേശികൾ പിടിയിലായത്.

പിടികൂടിയ ആളുകളെയെല്ലാം റിമാന്റ് ചെയ്തിട്ടുണ്ട്. ബം​ഗ്ലാദേശിൽ നിന്ന് മുർഷിദാബാദിലേക്കും അവിടെ നിന്ന് ബം​ഗളൂരുവിലേക്കെത്തി രേഖകൾ അടക്കം മാറ്റി നാട്ടിലേക്ക് വന്നതാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ പിടികൂടിയ തസ്ലീമാ ബീ​ഗം നാല് മാസം മുൻപാണ് നാട്ടിലെത്തിയത്. എസ് പി ഉൾപ്പെടുന്ന സംഘം ചോദ്യം ചെയ്തതോടെയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇനിയും ആളുകൾ കേരളത്തിലുണ്ടെന്നാണ് പൊലീസ് പറ‍യുന്നത്. ഓപ്പറേഷൻ ക്ലീൻ റൂറലുമായി കൂടുതൽ അന്വേഷണം നടത്തി ഇവരെ പിടി കൂടാനാണ് പൊലീസിന്റെ നീക്കം.

Advertisement