ബാലശാപത്തിൽ കേരളം കത്താതിരിക്കട്ടെ

Advertisement

ബാലരാമപുരം. ബാലശാപത്തിൽ കേരളം കത്താതിരിക്കട്ടെ,  നാടിനെയാകെ ഞെട്ടിക്കുന്ന കുഞ്ഞുങ്ങളുടെ  അരുംകൊലപാതകങ്ങളാണ് കേരളത്തിൽ കേൾക്കുന്നത് തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടര വയസ്സുകാരി ദേവേന്ദുവിൻ്റേതും മഞ്ചേരി മോങ്ങത്തെ മൂന്നു മാസം പ്രായമുള്ള ആൺ കുഞ്ഞിൻ്റെയും ക്രൂര മരണങ്ങളാണ് ഇന്നു കേട്ടത്

സ്വന്തം രക്തബന്ധു, അമ്മാവൻ ഹരികുമാർ കിണറ്റിൽ  എറിഞ്ഞ് അതിക്രൂരമായാണ് ദേവേന്ദുവിനെ കൊലപ്പെടുത്തിയത്. മഞ്ചേരിയിൽ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും മരിച്ചു.

ദേവേന്ദുവിൻ്റെ മരണത്തിൽ ഒറ്റ ദിവസം കൊണ്ട് പൊലീസ് കേസിലെ ചുരുളഴിച്ചു പ്രതിയിലേക്ക് എത്തി. ഇനിയും ചില ഞെട്ടിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ബാക്കിയാണ്.

പിച്ചവെച്ചു തുടങ്ങിയ ദേവേന്ദുവെന്ന രണ്ടര വയസുകാരി. ആ കുരുന്നിനെ കാണാനില്ലെന്ന വാർത്തയോടെയാണ് ഇന്നത്തെ പ്രഭാതം ഉണരുന്നത്. കിണറ്റിൽ നിന്ന് കുരുന്ന് മൃതദേഹം കണ്ടെത്തിയപ്പോൾ ഹൃദയം പിടയാത്ത ആരുമുണ്ടായിരുന്നില്ല.

ബാലരാമപുരം പൊലീസിന് കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ലഭിക്കുന്നത് പുലർച്ചെ. വീട്ടിലെത്തി പരിശോധന നടത്തിയതിന് പിന്നാലെയാണ് കിണറ്റിൽ നിന്ന് കുഞ്ഞിനെ കണ്ടെടുത്തത്. ആദ്യ മിനിറ്റുകളിൽ തന്നെ  ദുരൂഹതയേറി. സംശയത്തിന്റെ ആനുകൂല്യം പോലും നൽകാതെ പിതാവിനെയും, മാതാവിനെയും, അമ്മാവനെയും, മുത്തശ്ശിയെയും കസ്റ്റഡിയിലെടുത്തു. ഒറ്റപ്പകൽ കൊണ്ട് കൊടും ക്രൂരതയുടെ ചുരുളഴിയുന്നത് പൊലീസ് ആദ്യ സമയത്ത് നടത്തിയ ഈ സാമർത്ഥ്യം കൊണ്ടാണ്.


സംഭവസ്ഥലത്ത് വച്ച് പറഞ്ഞ പരസ്പര വിരുദ്ധമായ കാര്യങ്ങൾ. പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തപ്പോഴും തീരാത്ത അവ്യക്തത . തെളിവ് നിരത്തി ചോദ്യംചെയ്യും വരെ പ്രതി ഹരികുമാർ പിടിച്ചുനിന്നു.


പരസ്പര വിരുദ്ധമായ മൊഴികളായിരുന്നു ബന്ധുക്കൾ നൽകിയത്. പിന്നീട് നാലുപേരെയും നാലിടത്തിരുത്തി ചോദ്യം ചെയ്തു. ആ മൊഴികളിലും വൈരുദ്ധ്യം. നിർണായകമായത് മൊഴികൾ എല്ലാം ക്രോഡീകരിച്ച് പൊലീസ് നടത്തിയ നാലാംഘട്ട ചോദ്യം ചെയ്യൽ.

കുട്ടിയുടെ മാതാവ് ശ്രീതുവും അമ്മാവൻ ഹരികുമാറും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റുകൾ നിർണായകമായി. പൊലീസ് ശേഖരിച്ച ചാറ്റുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയല്ലാതെ ഹരികുമാറിന് മറ്റു നിവൃത്തി ഉണ്ടായിരുന്നില്ല.

കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ എറിഞ്ഞെന്നും കിണറ്റിൽ എറിഞ്ഞ ശേഷം കൊലപ്പെടുത്തിയെന്നും ഹരികുമാർ മാറ്റി മാറ്റി പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ഈ നീക്കത്തിന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരും വരെയായിരുന്നു ആയുസ്. കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു.

കുഞ്ഞിൻറെ പിതാവ് ശ്രീജിത്തിനും മുത്തശ്ശിക്കും കൊലപാതകത്തിൽ പങ്കില്ലെന്ന് തെളിഞ്ഞു. ദേവേന്ദുവിൻ്റെ സംസ്കാര ചടങ്ങുകൾക്ക് പങ്കെടുക്കാൻ ഇരുവരെയും വെറുതെ വിട്ടു. മാതാവ് ശ്രീതുവിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്താൻ പൊലീസിനായിട്ടില്ല. എന്നാൽ ചില സംശയങ്ങൾ ബാക്കിയാണ്. ശ്രീജിത്തും ശ്രീതുവും തമ്മിൽ ചില കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇടയ്ക്കിടെ വീട്ടിലെത്തി കുഞ്ഞുങ്ങളെ കണ്ടു മടങ്ങുകയായിരുന്നു ശ്രീജിത്തിന്റെ രീതി. മുത്തശ്ശൻ മരിച്ചതിന്റെ ചടങ്ങുകളിൽ പങ്കെടുക്കാൻ ആയിരുന്നു ഇന്നലെ എത്തിയത്. അതേ ദിവസം തന്നെ കൊലപാതകത്തിന് തിരഞ്ഞെടുത്തത് ശ്രീജിത്തിനെ പ്രതിയാക്കാനുള്ള ഗൂഢ ബുദ്ധിയാണോ എന്നും സംശയം. ദിവസങ്ങൾക്ക് മുൻപ് ശ്രീതു നൽകിയ 30 ലക്ഷം രൂപ കാണാനില്ലെന്ന് കള്ള പരാതി എന്തിനെന്നും പൊലീസ് അന്വേഷിക്കും. ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്. ഒറ്റ ദിവസം കൊണ്ട്  മുക്കാലും തെളിവുകൾ ശേഖരിച്ച് പ്രതിയെ കുടുക്കിയതാണ് ബാലരാമപുരം പൊലീസ്. ആ പൊലീസിൽ വിശ്വസിച്ച് കാത്തിരിക്കാം. ദുരൂഹതകൾ എല്ലാമഴിച്ച് കൊടുംക്രൂരതയുടെ മുഴുവൻ യാഥാർത്ഥ്യവും അവർ തെളിയിക്കും.

ദേവേന്ദു  എന്ന കുരുന്ന് മാത്രമല്ല കേരളത്തിലാകെ കൊലചെയ്യപ്പെടുന്ന കുരുന്നുകളുടെ ശാപം പുരോഗമിച്ചവരെന്നഭിമാനിക്കുന്ന കേരള സമൂഹത്തിനു മേൽ വീഴാതിരിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here