ബാലരാമപുരം. ദേവേന്ദുവിന്റെ കൊലപാതകത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും ബാക്കി. ഇതില്‍ വ്യക്തത വരുത്താൻ പൊലീസ്. പ്രതി ഹരികുമാറിനും കുട്ടിയുടെ അമ്മ ശ്രീതുവിനും അടുപ്പമുള്ള പൂജാരിയായ കരിക്കകം സ്വദേശി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീതുവിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന് പിതാവ് ശ്രീജിത്തിൻ്റെ മൊഴി.
കൊലപാതകം നടത്തിയത് താനെന്ന് കുട്ടിയുടെ അമ്മാവനായ ഹരികുമാർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ കൊലപാതക കാരണത്തിലാണ് അവ്യക്തത. മറ്റാരെങ്കിലും കൊലപാതകത്തിൽ സഹായിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുകയാണ് പൊലീസ്. കുഞ്ഞിൻ്റെ മാതാവിനും പ്രതിയായ ഹരികുമാറിനും അടുപ്പമുള്ള പൂജാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കരിക്കകം സ്വദേശിയായ പ്രദീപ് പറയുന്ന നിർദ്ദേശങ്ങൾ ആയിരുന്നു ഇരുവരും കൂടുതലായി അനുസരിച്ചിരുന്നത്. ഇയാളുമായി ശ്രീതുവിന് സാമ്പത്തിക ഇടപാടും ഉണ്ട്. ഇത് അന്വേഷണ പരിധിയിൽ വരും. എല്ലാവരും സംശയനിഴലിലാണെന്നുംആരെയും ഒഴിവാക്കിയിട്ടില്ലെന്നും റൂറൽ എസ്.പി എസ്.പി സുദർശൻ പറഞ്ഞു.
കൊല്ലപ്പെട്ട ദേവേന്ദുവിൻ്റെ പിതാവ്, സഹോദരി, മുത്തച്ഛൻ, മുത്തശ്ശി തുടങ്ങിയവരെയും സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുകയാണ്. ഭാര്യ താൻ പറയുന്നത് കേൾക്കാറില്ലെന്ന് ശ്രീജിത്ത് മൊഴി നൽകി. ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി ശ്രീതുവിന്റെ മൊഴി ഉണ്ട്. ഇതിലും വ്യക്തത വരുത്തും. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റുകൾ വീണ്ടെടുക്കാൻ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഇന്ന് വൈകുന്നേരത്തോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. റിമാന്റിനുശേഷം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾപ്പടെ നടത്താനാണ് പൊലീസ് ആലോചന.