തിരുവനന്തപുരം; മൂന്നു വർഷംകൊണ്ട് രാജ്യത്ത് 400 വന്ദേഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന 2022 ലെ ബജറ്റ് പ്രഖ്യാപനം പാഴായി. ഇതുവരെ പുറത്തിറക്കിയത് 81 ട്രെയിനുകൾ മാത്രം. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെക്കുറിച്ച് ആലോചിക്കാത്ത ഘട്ടത്തിലായിരുന്നു, 2025 ഓടെ 400 ചെയർകാർ ട്രെയിനുകൾ തുടങ്ങുമെന്ന പ്രഖ്യാപനം. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ വർഷം സർവീസ് ആരംഭിക്കാനിരിക്കെ, പ്രഖ്യാപിച്ചതിലേറെയും ഈ വിഭാഗം ട്രെയിനുകളാക്കി മാറ്റാനും സാധ്യതയുണ്ട്.
ട്രെയിനുകളുടെ ആവശ്യമോ കോച്ച് ഫാക്ടറികളുടെ ശേഷിയോ പരിശോധിക്കാതെ നടത്തിയ പ്രഖ്യാപനം തിരിച്ചടിയായെന്നാണ് വിമർശനം. റൂട്ടുകൾ സംബന്ധിച്ചു പഠനം നടത്താതെ ആരംഭിച്ച ചില സർവീസുകൾ നഷ്ടത്തിലായി. കോച്ച് ഫാക്ടറികൾ വന്ദേഭാരത് നിർമാണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സ്ലീപ്പർ, മെമു ട്രെയിനുകളുടെ നിർമാണവും കുറഞ്ഞു. ഇതു വിമർശനത്തിന് ഇടയാക്കിയതോടെ ജനറൽ കോച്ചുകളുടെ നിർമാണം വർധിപ്പിക്കാൻ തീരുമാനിച്ചു. പരമ്പരാഗത ഐസിഎഫ് കോച്ചുകളുടെ നിർമാണം പൂർണമായും നിർത്തലാക്കിയ റെയിൽവേ, പകരം ഇറക്കാൻ ഉദ്ദേശിച്ച എൽഎച്ച്ബി (ജർമൻ സാങ്കേതിക വിദ്യയിലുള്ള) കോച്ചുകളുടെ നിർമാണം വന്ദേഭാരത് മൂലം മന്ദഗതിയിലായെന്നും ആക്ഷേപമുണ്ട്.
മെമു ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനമായിട്ടില്ല. ഈ വർഷം 12 മെമു ട്രെയിനുകളാണു ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിക്കുന്നത്. എല്ലാ ഡിവിഷനുകളും മെമു ട്രെയിനുകൾ ആവശ്യപ്പെട്ടു രംഗത്തുണ്ട്. പുതിയ ട്രെയിനുകൾ പ്രഖ്യാപിക്കുന്നത് ബജറ്റിലൂടെയല്ലാതെയാക്കിയത് ഏറ്റവും ദോഷകരമായി ബാധിച്ചതു കേരളത്തെയാണ്. 2018 ൽ തുടങ്ങിയ പാലരുവി എക്സ്പ്രസും ഇതര സംസ്ഥാന തൊഴിലാളികൾക്കായി ജാർഖണ്ഡ് സമ്മർദം ചെലുത്തി 2021 ൽ ആരംഭിച്ച ടാറ്റാനഗർ–എറണാകുളം സർവീസുമാണ് അവസാനമായി ലഭിച്ച പ്രതിദിന സർവീസുകൾ.
രണ്ട് വന്ദേഭാരത് ട്രെയിനുകൾ പിന്നീടു ലഭിച്ചെങ്കിലും ദീർഘകാല ആവശ്യങ്ങൾ പലതും നടപ്പായിട്ടില്ല. ലാഭകരമായ സ്പെഷൽ സർവീസുകൾ സ്ഥിരപ്പെടുത്തുന്ന പതിവും ഇല്ലാതായി. കൊങ്കൺ വഴിയുള്ള കോയമ്പത്തൂർ–ജബൽപുർ സ്പെഷലായി ഓടാൻ തുടങ്ങിയിട്ട് 8 വർഷം കഴിഞ്ഞു. പുതിയ മുംബൈ, ഹൈദരാബാദ്, ബെംഗളൂരു ട്രെയിനുകൾക്കായി ആവശ്യമുന്നയിച്ചെങ്കിലും ലഭിച്ചിട്ടില്ല.