കൊച്ചി. സംസ്ഥാനത്തെ ലോൺ ആപ്പ് തട്ടിപ്പിന്റെ സൂത്രധാരൻ സിംഗപ്പൂർ പൗരൻ കെ. മുസ്തഫ കമാലെന്ന നിഗമനത്തിൽ ഇഡി. ഇരകളിൽ നിന്ന് തട്ടിയെടുത്ത പണം ഷെൽ കമ്പനികൾ മുഖേന സിംഗപ്പൂരിൽ എത്തിയതായി കണ്ടെത്തി.മുസ്തഫ കമാലിനെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം ഊർജിതമാക്കി.
രാജ്യാന്തര വേരുകളുള്ള തട്ടിപ്പ് സംഘത്തിലെ കണ്ണികളായ ഇ ഡി അറസ്റ്റ് ചെയ്ത നാല് തമിഴ്നാട്ടുകാരിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്.
രാജ്യത്ത് നിന്ന് തട്ടിയെടുത്ത പണത്തിന്റെ മുക്കാൽ പങ്കും എത്തിയത് സിംഗപ്പൂരിലേക്കാണ്.ഇരകളിൽ നിന്ന് തട്ടിയെടുത്ത പണം എത്തിയത് മലയാളികളുടെ പേരിലുള്ള 300 ഓളം വരുന്ന ഡമ്മി അക്കൗണ്ടുകളിലാണ്.ചൈനീസ് ആപ്പുകൾ ഉപയോഗിച്ച് 1650 കോടിയിലേറെ രൂപ രണ്ട് വർഷത്തിനിടെ സംഘം തട്ടിയെടുത്തുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.എല്ലാം ചെയ്തത് മുസ്തഫ കമാലിന്റെ നിർദേശപ്രകാരമെന്ന് അറസ്റ്റിലായവരുടെ മൊഴി. ചെറിയ തുകയിൽ നിന്ന് പിന്നീട് വലിയ തുകകൾ വായ്പ നൽകി ഭീഷണിപ്പെടുത്തി വൻ തുകകൾ കൈക്കലാക്കുകയാണ് സംഘത്തിൻറെ പതിവ്.
വായ്പയെടുത്തവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി.
കേരളത്തിലും, ഹരിയാനയിലുമടക്കം തട്ടിപ്പ് നടന്ന കേസിൽ പോലീസും, ക്രൈംബ്രാഞ്ചും രജിസ്റ്റർ ചെയ്ത 10 എഫ്‌ഐആറുകളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇസിഐആർ രജിസ്റ്റർ ചെയ്തത്.സംസ്ഥാനത്ത് പലരുടെയും മരണത്തിലേക്ക് നയിച്ച ലോൺ ആപ്പ് തട്ടിപ്പിൻ്റെ കൂടുതൽ സംഘങ്ങളിലേക്ക് ഇഡി അന്വേഷണം നീങ്ങും