കൊച്ചി:തൃപ്പുണിത്തുറയില്‍ ഫ്ലാറ്റിന് മുകളില്‍ നിന്ന് 15 വയസുകാരൻ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.
മരിച്ച മിഹിർ മുഹമ്മദ് പഠിച്ച തിരുവാണിയൂരിലെ ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ എത്തി ആലുവ വിദ്യാഭ്യാസ ജില്ല ഓഫിസർ വിവരങ്ങള്‍ ശേഖരിച്ചു. അധ്യാപകരില്‍ നിന്നും സ്കൂള്‍ അധികൃതരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. രണ്ട് ദിവസത്തിനകം വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് കൈമാറുമെന്നാണ് സൂചന.
അതേസമയം മിഹിർ മുഹമ്മദിന് സ്കൂളില്‍ നിന്ന് റാഗിങ് നേരിടേണ്ടി വന്നു എന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം പ്രതിസന്ധിയിലാണ്. മിഹിറിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികളുടെ ചാറ്റുകള്‍ അടങ്ങിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത നിലയിലാണ്. അതിനാല്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സ്കൂളിലെ ഒരു വിദ്യാർഥിയും വിദ്യാർഥിനിയും ചേർന്ന് ശുചിമുറിയില്‍ എത്തിച്ച് മിഹിറിനെ ഉപദ്രവിച്ചുവെന്നാണ് പരാതി.
എന്നാല്‍ വിദ്യാർഥികളെ കുറിച്ച് പൊലീസിന് സൂചനകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേ ശുചിമുറിയില്‍ പോകുമോ എന്നതിലും സംശയങ്ങളുണ്ട്. വിദ്യാർഥികളെ ചോദ്യം ചെയ്യുന്നതും എളുപ്പമല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. മിഹിറിന്‍റെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയുടെയും അച്ഛന്റെയും രണ്ടാനച്ഛന്റെയും സ്കൂള്‍ അധികൃതരുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും.