പതിനൊന്നുകാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ; വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച

Advertisement

തലയ്ക്ക് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ 11വയസുകാരന്റെ തലയിൽ സ്റ്റിച്ചിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ. വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഈ ​ഗുരുതര വീഴ്ച സംഭവിച്ചത്.
ചെമ്പ് സ്വദേശി സുജിത്- സുരഭി ദമ്പതികളുടെ മകന്‍ എസ് ദേവതീർഥിനെയാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ സ്റ്റിച്ചിട്ടത്. വീണ് തലയ്ക്ക് പരിക്കേറ്റ കുട്ടിയെ വൈകുന്നേരത്തോടെയാണ് ചികിത്സക്കെത്തിയത്. മുറിവ് സ്റ്റിച്ചിടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.
എന്നാല്‍ അത്യാഹിത വിഭാഗത്തിലും ഡ്രസിങ് റൂമിലും വൈദ്യുതിയില്ലായിരുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജനറേറ്ററിന് ഡീസൽ കുറവെണെന്നും ദീര്‍ഘനേരം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ആശുപത്രി ജീവനക്കാരുടെ മറുപടിയെന്ന് മാതാപിതാക്കള്‍ പറയുന്നു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ കൂടി സഹായത്തോടെയാണ് മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍ തലയില്‍ സ്റ്റിച്ചിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം തന്നെ അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് പറയുകയും അവകാശപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്.

Advertisement