മലപ്പുറം എളങ്കൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ (25) വ്യാഴാഴ്ചയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സൗന്ദര്യം കുറവെന്ന് പറഞ്ഞും സ്ത്രീധനം നല്‍കിയത് കുറഞ്ഞു പോയെന്ന് പറഞ്ഞും യുവതിയെ ഭര്‍ത്താവ് പീഡിപ്പിച്ചു എന്നാണ് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇതിന് കൂട്ടുനിന്നെന്നും വിഷ്ണുജയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് ഭര്‍ത്താവ് പ്രബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.
2023 മെയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ വിഷ്ണുജയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നാണ് പ്രബിന്റെ കുടുംബം പറയുന്നത്. പ്രബിനും ഭാര്യ വിഷ്ണുജയും തമ്മില്‍ ചില അഭിപ്രായ വൃത്യാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആത്മഹത്യയുടെ കാരണം അറിയില്ല. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും പ്രബിന്റെ കുടുംബം പ്രതികരിച്ചു.