കോട്ടയം; ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധവുമായി രാഷ്ട്രീയ – സാമൂഹിക രംഗത്തെ നേതാക്കൾ. രാഷ്ട്രപതി ദ്രൗപദി മുർമു ഗോത്രവിഭാഗത്തിൽ നിന്നുള്ളവരാണെന്നും രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും മന്ത്രി ഒ.ആർ. കേളു ചോദിച്ചു. ബിജെപിക്കാർ പോലും ഇതു മുഖവിലയ്‌ക്ക് എടുക്കില്ല. രാജ്യത്തെ ആരും ഇതൊന്നും മുഖവിലയ്‌ക്ക് എടുക്കില്ലെന്നും കേളു പറഞ്ഞു.
സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ.രാധാകൃഷ്ണൻ എംപി പറഞ്ഞു. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ്‌ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നത്. സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതൻ എന്നു പറഞ്ഞു നടപ്പാണ് പണി. കേരളത്തെ തകർക്കുന്ന നിലപാടാണിത്. എല്ലാവരും അടിമയായിരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം. കേന്ദ്രമന്ത്രിസ്ഥാനത്തിരിക്കാൻ സുരേഷ് ഗോപി അർഹനല്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ പ്രസ്താവന ബാലിശമാണെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി.കെ.ജാനു പറഞ്ഞു. ഞങ്ങളെ പോലുള്ളവര്‍ അടിമകളായി തുടരണം എന്ന് പറയുകയാണ്. ഇത്തരം ചര്‍ച്ചകള്‍ പോലും ഉയരുന്നത് ഇന്ത്യയ്ക്ക് അപമാനമാണെന്നും ജാനു പറഞ്ഞു.
‘‘അടിമ-മാടമ്പി മനോഭാവമാണിത്. നൂറ്റാണ്ടുകളായി ഉന്നത കുലജാതര്‍ വകുപ്പ് കൈകാര്യം ചെയ്തു പരാജയപ്പെട്ടതാണ്. മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലായിട്ടില്ല. ഒരു സവര്‍ണ ഫാഷിസ്റ്റ് ആയതുകൊണ്ടാണ് അയാള്‍ക്കങ്ങനെ സംസാരിക്കാന്‍ പറ്റുന്നത്. ഈ കാലമത്രയും ഈ കാര്യങ്ങളൊക്കെ നടത്തിയിട്ടുള്ളത് സവര്‍ണരും സവര്‍ണ മനോഭാവമുള്ളവരും തന്നെയാണ്. ഏറ്റവും താഴെത്തട്ടിലുള്ള ആളുകളെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്നുള്ളത് ജനാധിപത്യ മര്യാദയാണ്’’– ജാനു വ്യക്തമാക്കി.