കോഴിക്കോട്∙ സ്വിഗ്ഗി ഫുഡ് ഡെലിവറി ബോയിെയ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബൈപാസ് ജംക്‌ഷനില്‍ നിന്ന് മലാപറമ്പ് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ കുരിയത്തോടിന് സമീപം റോഡരികിലെ ചാലിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ചു തെറിച്ച് വീണതാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്വിഗ്ഗി യൂണിഫോം ധരിച്ച യുവാവിന്റെ ബാഗിൽ ഭക്ഷണ സാധനങ്ങളുമുണ്ടായിരുന്നു.
ബാഗിൽ നിന്നും കിട്ടിയ തിരിച്ചറിയൽ കാർഡ് ഉമ്മളത്തൂർ സ്വദേശി മിഥുന്റെയാണ്. എന്നാൽ മിഥുൻ വീട്ടിലുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മിഥുനും സ്വിഗ്ഗി ജീവനക്കാരനാണ്. മിഥുന്റെ പഴ്സും തിരിച്ചറിയൽ കാർഡും ഒരു മാസം മുൻപ് നഷ്ടപ്പെട്ടതാണ്. ബാഗിൽ നിന്നും കിട്ടിയ മറ്റൊരു തിരിച്ചറിയൽ കാർഡ് എലത്തൂർ സ്വദേശി ശ്രീജിത്തിന്റെയാണ്. ആരാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാൻ പൊലീസ് ശ്രമം നടത്തുകയാണ്. എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിലും വ്യക്തതയില്ല.