‘ദേവസ്വം ബോർഡ് ഓഫിസിനു മുന്നിൽ കാറുമായി എത്താൻ നിർദേശിക്കും, 28000 ശമ്പളം’: ശ്രീതുവിന് പുറത്തുനിന്നും സഹായം

Advertisement

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനു പുറത്തു നിന്ന് സഹായം ലഭിച്ചതായി വിവരം. ദേവസ്വം ബോർഡിലെ വ്യാജ നിയമന ഉത്തരവ് തയാറാക്കാൻ തനിക്ക് പുറത്തുനിന്നും സഹായം ലഭിച്ചതായി ശ്രീതു പൊലീസിനു മൊഴി നൽകി. തട്ടിപ്പിനു സഹായിച്ചവരുടെ വിവരങ്ങൾ ശ്രീതു പൊലീസിനു കൈമാറി. വ്യാജ നിയമന ഉത്തരവ് തയാറാക്കിയ സ്ഥാപനവും പൊലീസ് കണ്ടെത്തി.

പ്രാഥമിക അന്വേഷണത്തിനു ശേഷമാകും ശ്രീതുവിന്റെ സഹായികളെ ചോദ്യം ചെയ്യുക. പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോർഡിൽ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയാറാക്കിയത്. ദേവസ്വം സെക്ഷൻ ഓഫിസർ എന്ന പേരിലാണ് ശ്രീതു ഇതു തയാറാക്കിയത്. ഒരു വർഷം മുൻപു ഷിജുവിന് ഉത്തരവ് കൈമാറിയിരുന്നു. 28,000 രൂപ ശമ്പളം എന്നാണ് ഉത്തരവിലുള്ളത്. ശ്രീതുവിന്റെ ഔദ്യോഗിക ഡ്രൈവർ എന്നാണ് നിയമനത്തെക്കുറിച്ച് പറഞ്ഞത്. ദേവസ്വം ബോർഡ് ഓഫിസിനു മുന്നിൽ കാറുമായി എത്താനായിരുന്നു എപ്പോഴും നിർദേശിച്ചിരുന്നത്. അവിടെ വച്ച് ശ്രീതു കാറിൽ കയറും. എന്നാൽ ഒരിക്കലും ഷിജുവിനെ ദേവസ്വം ഓഫിസിൽ കയറ്റിയിരുന്നില്ലെന്നും പൊലീസ് പറയുന്നു.

വേതനത്തിൽ കുടിശിക വന്നപ്പോൾ ഒരു ലക്ഷം രൂപ ഒരുമിച്ചു നൽകിയിരുന്നു. പിന്നീട് കുഞ്ഞ് മരിച്ചപ്പോഴാണ് ഷിജുവിന് ഇതെല്ലാം തട്ടിപ്പാണെന്ന് മനസിലായത്. ശ്രീതുവിനെതിരെ പരാതിപ്പെട്ടവരിൽ ഭൂരിഭാഗം പേരും രേഖാമൂലം പരാതി നൽകിയിട്ടില്ല. പത്തു പേരാണ് ശ്രീതുവിനെതിരെ പരാതി നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here