മലപ്പുറം എളങ്കൂരില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ പ്രതി പ്രഭിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രഭിനെ റിമാന്‍ഡ് ചെയ്തത്. ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങള്‍ ആണ് പ്രതിക്ക് എതിരെ ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു.
സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും ജോലിയില്ലാത്തതിന്റെയും പേരില്‍ ആക്ഷേപിച്ചെന്നും വിഷ്ണുജയുടെ പിതാവ് വാസുദേവന്‍ പറയുന്നു. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലാണ്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.