ഇടുക്കി. മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പോലീസ്. കൊലക്കേസ് പ്രതി മേലുകാവ് സ്വദേശിയായ സാജൻ സാമുവലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ കാഞ്ഞാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുണ്ടാ നേതാവായിരുന്ന സാജൻ സാമുവലിനെ എട്ടംഗ സംഘം ചേർന്നാണ് വക വരുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഷാരോൺ ബേബിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊല്ലപ്പെട്ട സാജന്റെ കഴുത്തിലും തലയിലും ഗുരുതര മുറിവുകളുണ്ട്. ഇടതു കൈ വെട്ടിയെടുത്ത നിലയിലായിരുന്നു. പ്രതികളായ കൂടുതൽ ആളുകളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയത് ഓട്ടോറിക്ഷയിലാണ്. കേടായ പന്നിമാംസം എന്ന് പറഞ്ഞാണ് മേലുകാവ് എരുമപ്രയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മൂലമറ്റത്തെ തേക്കിൻ കൂപ്പിൽ എത്തിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർക്ക് തോന്നിയ സംശയം പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. ജനുവരി 29 മുതലാണ് സാജൻ സാമുവലിനെ കാണാതായത്. കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമാണ് ഇയാൾ. ഇന്നലെയാണ് മൂലമറ്റം കെഎസ്ഇബി കോളനിക്ക് സമീപം തേക്കിൻ കുപ്പിലെ കുറ്റിക്കാട്ടിൽ നിന്ന് പായയിൽ പൊതിഞ്ഞ നിലയിൽ സാജന്റെ മൃതദേഹം കണ്ടെത്തിയത്.