തിരുവനന്തപുരം. കെ.എസ്.ആർ.ടി.സിയിൽ ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ടി.ഡി.എഫ് നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. അർദ്ധരാത്രി 12 മണി മുതലാണ് സമരം ആരംഭിച്ചത്. 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് 24 മണിക്കൂർ സമരം സംഘടിപ്പിക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതാണ് പ്രധാനപ്പെട്ട സമരാവശ്യം. ഡി.എ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ സർക്കാർ ഉത്തരവിറക്കുക, ഡ്രൈവർമാരുടെ സ്പെഷ്യൽ അലവൻസ് കൃത്യമായി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമരക്കാർ ഉയർത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സിയിലെ 50 ശതമാനത്തിലധികം ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സംഘടനാ ഭാരവാഹികൾ അവകാശപ്പെടുന്നു. സമരം ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർ സമരത്തിലേക്ക് കടന്നത്.
എന്നാല്‍ സർവീസുകൾ സാധാരണഗതിയിൽ എന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പണിമുടക്കുന്നവർക്ക് പകരം താൽക്കാലിക ജീവനക്കാരെ നിയോഗിച്ചു. ചില ഡിപ്പോകളിൽ ബസുകളിൽ ബോധപൂർവ്വം കേടുപാടുകൾ വരുത്തിയതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം നടത്തും. ബോധപൂർവ്വം സർവീസ് മുടക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി.
സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലുള്ള അവധികൾ മാത്രമേ ഇന്ന് പരിഗണിക്കൂ. എന്നും കെഎസ്ആർടിസി പറഞ്ഞു.