തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ആശുപത്രി മാലിന്യ സംസ്കരണ ഏജൻസിയായ ഇമേജിന്‍റെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കി. ക്രമവിരുദ്ധമായാണ് രജിസ്ട്രേഷൻ നേടിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ കടുത്ത നടപടി. സംസ്ഥാനത്തെ പ്രധാന ആശുപത്രി മാലിന്യ സംസ്കരണ ഏജൻസിയായ ഇമേജിന്റെ പ്രവർത്തനം നിലയ്ക്കുന്നത് ഗുരുതര പ്രതിസന്ധിക്ക് ഇടയാക്കും.
സംസ്ഥാനത്തെ 20,000ൽ അധികം ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ബയോമാലിന്യങ്ങളുടെ സംസ്കരണത്തിനുള്ള കരാർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ്. ഇമേജ് എന്ന പേരിൽ ഒരു ഏജൻസി രൂപീകരിച്ചായിരുന്നു ഐഎംഎ മാലിന്യ സംസ്കരണം നടത്തിയിരുന്നത്. ഐഎംഎയുടെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഡയറക്ട്രേറ്റ് ഓഫ് ജിഎസ്ടി രജിസ്ട്രേഷൻ നടത്തിയ അന്വേഷണമാണ് ഇമേജിനെയും
കുരുക്കിലാക്കിയത്.
കരാര്‍ ഐഎംഎയുമായിട്ടാണെങ്കിലും പണമിടപാട് ഇമേജുമായാണ് ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്. എന്നാൽ ഇമേജിന്റെ സ്വന്തം ജിഎസ്ടി രജിസ്ട്രേഷൻ രേഖകളോ ഇമേജിന്റെ പാൻ നമ്പറിന് ആധാരമായ രേഖകളോ ഐഎംഎയ്ക്ക് ഡിജിജിഐയ്ക്ക് മുൻപാകെ ഹാജരാക്കാനായിരുന്നില്ല. ഇമേജിന് സ്വന്തം മേൽവിലാസവുമില്ല.
മാലിന്യ സംസ്കരണത്തിന് സംസ്ഥാന സർക്കാരും തമ്മിൽ ഒപ്പിട്ട കരാറിൽ, ഇമേജിനെ ഐഎംഎയുടെ ഒരു പദ്ധതി എന്ന് മാത്രമായിരുന്നു സൂചിപ്പിച്ചിരുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ, നിയമവിരുദ്ധമായാണ് ഇമേജ് പ്രവർത്തിക്കുന്നത് എന്നായിരുന്നു ഡിജിജിഐയുടെ കണ്ടെത്തൽ. ഡിജിജിഐ ശുപാർശ അംഗീകരിച്ചാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് ഇമേജിന്‍റെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കിയത്.
സംസ്ഥാന ജിഎസ്ടി വകുപ്പിന് മുൻപാകെയും കൃത്യമായ രേഖകള്‍ എത്തിയില്ല. ജിഎസ്ടി രജിസ്ട്രേഷൻ നഷ്ടമായതോടെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ബില്ല് നൽകാൻ ഇനി ഇമേജിനാകില്ല. പണം വാങ്ങാനും കഴിയില്ല. ചാരിറ്റബിൾ സൊസൈറ്റിയായതിനാൽ ഐഎംഎയ്ക്കും പണം വാങ്ങിയുള്ള ഇടപാടുകൾ നടത്താനാകില്ല.
ഇതോടെ സംസ്ഥാനത്തെ ആശുപത്രി മാലിന്യ സംസ്കരണം പ്രതിസന്ധിയിലാകും. ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്ട്രർ ചെയ്തിട്ടുള്ള ഐഎംഎ നികുതി ബാധ്യത ഒഴിവാക്കാൻ, ഇമേജിന്‍റെ പേരിൽ അനധികൃതമായി ഇടപാടുകൾ നടത്തിയെന്നായിരുന്നു ഡിജിജിഐയുടെ കണ്ടെത്തൽ. ഇത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുമെന്നാണ് ഡിജിജിഐ വാദം. ജിഎസ്ടി രജിസ്ട്രേഷൻ പുനസ്ഥാപിക്കാനുള്ള നടപടിയെടുക്കുമെന്നാണ് ഐഎംഎയുടെ വിശദീകരണം. എന്നാൽ ഡിജിജിഐ കണ്ടെത്തിലിനെക്കുറിച്ച് പ്രതികരണമില്ല.