2025 ഫെബ്രുവരി 05 ബുധൻ
🌴 കേരളീയം 🌴
🙏 സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ബില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ സിപിഎം നേരത്തെ തന്നെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. എസ്സി – എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണത്തിനുള്ള വ്യവസ്ഥയോടെയാകും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുക.
🙏 സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലെ 29,000 റോബോട്ടിക് കിറ്റുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഫെബ്രുവരി 8-ന്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഐടി വകുപ്പിനു കീഴിലുള്ള ഐസിഫോസില്‍ നടക്കുന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
🙏 കോഴിക്കോട് അരയിടത്ത് പാലത്ത് ബസ് നിയന്ത്രണം വിട്ട മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. സ്‌കൂള്‍ കുട്ടികളടക്കം 50 ലധികം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. പരുക്കേറ്റ 42 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
🙏 തൃശ്ശൂര്‍ ചിറ്റാട്ടുകര പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ചിറ്റിലപ്പിള്ളി ഗണേശനെന്ന ആന ഒരാളെ കുത്തികൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്.
🙏 വാല്‍പാറയില്‍ ബൈക്ക് റൈഡിങ്ങിനായെത്തിയ ജര്‍മന്‍ സ്വദേശി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റോഡില്‍ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോയ മൈക്കിള്‍ എന്ന ജര്‍മ്മന്‍ പൗരനെയാണ് ആന ആക്രമിച്ചു കൊലപ്പെടുത്തിയത്. ‘
🙏 പാലക്കാട് വല്ലപ്പുഴയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നു വീണ് നിരവധി കാണികള്‍ക്ക് പരുക്കേറ്റു. വല്ലപ്പുഴ അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലിനിടെ ഇന്നലെ രാത്രി 10.30 നാണ് സംഭവം. ഗാലറിക്ക് താങ്ങാവുന്നതിലേറെ കാണികളെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
🙏 നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം നല്‍കിയതില്‍ പൊലീസ് കേസെടുത്തു. സസ്പെന്‍ഷനിലായ മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തത്.
🙏 മുക്കത്ത് യുവതിയെ ഹോട്ടല്‍ ഉടമയും സഹായികളും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍. കോഴിക്കോട് റൂറല്‍ എസ്പിയോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
🙏 നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്.
🙏 നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര അയല്‍വാസിയായ പുഷ്പയെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പോലിസ്. പുഷ്പയെ കൊല്ലാതെ വിട്ടതില്‍ മാത്രമാണ് തനിക്ക് നിരാശയുള്ളതെന്നും ചെന്താമര പോലീസിനോട് പറഞ്ഞു.
🙏 ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യയില്‍ സ്‌കൂളിനെതിരെ മിഹിറിന്റെ അമ്മ. വിശദീകരണ കത്തിലൂടെ സ്‌കൂള്‍ തെറ്റിധരിപ്പിക്കുന്നുവെന്നും അമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
🙏 തന്റെ പേരില്‍ പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ചൂണ്ടികാണിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നല്‍കി.
🙏 ബാലരാമപുരത്ത് ദേവേന്ദുവെന്ന രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ തനിക്ക് പങ്കില്ലെന്ന് ജോത്സ്യന്‍ ശംഖുമുഖം ദേവീദാസന്‍. ജ്യോതിഷവുമായി ബന്ധപ്പെട്ട് ശ്രീതുവിന് ഒരു മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ശ്രീതു തല മുണ്ഡനം ചെയ്തത് തന്റെ നിര്‍ദേശ പ്രകാരം അല്ലെന്നും ശംഖുമുഖം ദേവീദാസന്‍ പറഞ്ഞു.
🙏 സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നാം തീയ്യതി മുതല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ല. പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍.സിയായിരിക്കും നല്‍കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
🇳🇪 ദേശീയം 🇳🇪
🙏 ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനൊടുവില്‍ ഡല്‍ഹി ഇന്ന് വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 3000 ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്.
🙏 കണ്ടെയ്നറുകളില്‍ കാലികളെ കൊണ്ടുപോകുന്നതില്‍ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി. കണ്ടെയ്നറുകളില്‍ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നും ക്രൂരമായ നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
🙏 മഹാകുംഭമേളയ്
ക്കിടെ ജനുവരി 29-ാം തീയതി തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേര്‍ മരിക്കുകയും അറുപതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ‘അത്ര വലിയ സംഭവമായിരുന്നില്ലെ’ന്ന് ബി.ജെ.പി. എം.പിയും നടിയുമായ ഹേമമാലിനി.
🙏 പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടാന്‍ ഉത്തരവിടുമെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഉത്തരകന്നഡ ജില്ലയില്‍ പശുമോഷണം കൂടിയതോടെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
🙏 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാകുംഭമേളയ്‌ക്കെത്തി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യും. രാവിലെ പത്തുമണിയോടെ പ്രയാഗ് രാജ് വിമാനത്താവളത്തിലെത്തുന്ന മോദി, 11-നും പതിനൊന്നരയ്ക്കും ഇടയിലാണ് പുണ്യസ്‌നാനം നിര്‍വഹിക്കുക.
🙏 നികുതിയടക്കാതെ റോഡിലിറങ്ങിയ ആഡംബര കാറുകള്‍ ബംഗളൂരു ഗതാഗത വകുപ്പ് പിടിച്ചെടുത്തു. ഫെരാരി, പോര്‍ഷെ, ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഓഡി, ഓസ്റ്റിന്‍, റേഞ്ച് റോവര്‍ എന്നിവയുള്‍പ്പെടെ 30 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്.
🙏 പ്രധാനമന്ത്രി പദത്തില്‍ നിന്ന് വിരമിക്കുമോയെന്ന ചോദ്യങ്ങള്‍ അപ്രസക്തമാക്കി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന സന്ദേശം നരേന്ദ്ര മോദി നല്‍കിയത്.
🙏 ലോക്സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസവും വിമര്‍ശനവും. വിദേശകാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ട് എന്ന് തെളിയിക്കാനാകൂ എന്ന് ചിലര്‍ കരുതുന്നു എന്നായിരുന്നു രാഹുലിനെ ഉന്നമിട്ടുള്ള മോദിയുടെ പരിഹാസം.
🙏 ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ 2025-26 ലെ തങ്ങളുടെ എട്ടാം സാമ്പത്തിക സെന്‍സസ് ആരംഭിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
🙏 യമുനയിലെ വെള്ളത്തില്‍ ഹരിയാണ സര്‍ക്കാര്‍ വിഷം കലര്‍ത്തിയെന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട് എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പേരില്‍ കേസെടുത്ത് ഹരിയാണ പോലീസ്.
🇦🇴 അന്തർദേശീയം 🇦🇽
🙏 സ്വീഡനിലെ ഒറെബ്രോയിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി പോലീസ്. അജ്ഞാതനായ ആക്രമിയും കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ ഭീകരവാദ ലക്ഷ്യമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
🏏 കായികം 🏏
🙏 ഫെബ്രുവരി 23 ന് ദുബായില്‍ വെച്ച് നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പന ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു. ടിക്കറ്റ് വില്‍പ്പന ആരംഭിച്ച തിങ്കളാഴ്ച ഏകദേശം ഒന്നരലക്ഷത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി വെബ്‌സൈറ്റില്‍ ക്യൂവിലുണ്ടായിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.