പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തെ തല്ലിച്ചതച്ച സംഭവം: പോലീസിന് ഗുരുതര വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Advertisement

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തെ തല്ലിച്ചതച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ മര്‍ദ്ദിച്ചത്. ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തുന്നത്. ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടി. ഇതേത്തുടര്‍ന്ന് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. കുറ്റക്കാരെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. എട്ടുപേരടങ്ങുന്ന സംഘം ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയതായി ബാര്‍ ജീവനക്കാര്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടതായും അവര്‍ പറയുന്നു.

അടൂരില്‍ വിവാഹസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുണ്ടക്കയം സ്വദേശികള്‍ക്കാണ് പൊലീസിൽ നിന്നും മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ജിപ്പില്‍ നിന്നും ഇറങ്ങിയപാടെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഓടെടാ എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

Advertisement